jaundice-

കൊച്ചി: വേനൽക്കാലത്ത് മഞ്ഞപ്പിത്തം ഉൾപ്പടെയുള്ള ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ സക്കീന. കെ അറിയിച്ചു.

വേനലിന്റെ കാഠിന്യത്തിൽ ജലദൗർലഭ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോഴും കൂടുതൽ ശ്രദ്ധിക്കണം. വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ് എ യുമാണ് കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും നൽകുന്ന വെൽക്കം ഡ്രിങ്കുകൾ , തിളപ്പിച്ച ചൂട് വെള്ളത്തോടൊപ്പം പച്ച വെള്ളം ചേർത്ത് കുടിവെള്ളം നൽകുന്ന പ്രവണതയും രോഗം പടരുന്നതിന് കാരണമാകുന്നുണ്ട്.

പ്രതിരോധം

തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക

കിണർ വൃത്തിയായി സൂക്ഷിക്കുക, നിർദ്ദേശാനുസരണം ക്ലോറിനേറ്റ് ചെയ്യുക

മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യണം
പഴവർഗങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക
ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക

കുട്ടികളുടെ വിസർജ്ജ്യങ്ങൾ സുരക്ഷിതമായി ശൗച്യാലയത്തിലൂടെ മാത്രം നീക്കം ചെയ്യുക
വീട്ടു പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിക്കുക

രോഗബാധയുള്ള പ്രദേശങ്ങളിൽ ഭക്ഷണവും കുടിവെള്ളവും പങ്കുവെച്ചു കഴിക്കുന്നത് ഒഴിവാക്കുക.

ഉത്സവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചുള്ള ഐസ് മാത്രം ശീതളപാനീയങ്ങളിൽ ഉപയോഗിക്കുക.

രോഗബാധിതർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടതും പൊതുഇടങ്ങളിൽ സന്ദർശിക്കുന്നതും ഒഴിവാക്കണം

രോഗികൾ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്

ജീവിതശൈലീരോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികൾ,ഗുരുതരരോഗബാധിതർ തുടങ്ങിയവർ ഉടനടി ചികിത്സ തേടണം

ജലജന്യ രോഗങ്ങൾ

(ഫെബ്രുവരി, മാർച്ച്)

വയറിളക്ക രോഗം- 2940, 1834

ഹെപ്പറ്റൈറ്റില് എ- 3, 10

മരണം- 1

ടൈഫോയ്ഡ്- 2, മാർച്ച്-2

ഷിഗല്ല- 1

മഞ്ഞപ്പിത്തം

കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ് ) മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു.
ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസ് ബാധ മലിന ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പർക്കം എന്നിവ വഴി പകരും. രോഗബാധിതനായ ഒരാൾ കുടുംബാംഗങ്ങൾക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പർക്കം പുലർത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരാം. രോഗിയെ ശുശ്രൂഷിക്കുന്നവർ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. മലിനമായ കൈകളിലൂടെയും മറ്റും രോഗാണുക്കൾ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി രോഗം പകരുന്നു. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.