shanu
ഷാനു

പറവൂർ: കുടുംബകലഹത്തെത്തുടർന്ന് മരുമകളെ കത്തിക്ക് കഴുത്തറുത്തശേഷം ഭർതൃപിതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി വീട്ടിൽ സെബാസ്റ്റ്യനാണ് (66) ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാളുടെ മകൻ സിനോജിന്റെ ഭാര്യ ഷാനു (34) ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു.

ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. കഴുത്തിന് മുറിവേറ്റ ഷാനു പ്രാണരക്ഷാർത്ഥം അടുത്തവീട്ടിലേക്ക് ഓടിയെത്തി. അപ്പോഴേക്കും രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിലായി. വടക്കേക്കര പൊലീസ് എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. രക്തക്കളമായിരുന്നു വീടും പരിസരവും. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സെബാസ്റ്ര്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവം നടക്കുമ്പോൾ ഷാനുവും സെബാസ്റ്റ്യനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫാക്ടിലെ കരാർ ജീവനക്കാരനായ സിനോജ് രാവിലെ ഏഴിന് ജോലിക്കുപോയി. അഞ്ച് വയസുള്ള ഇരട്ടക്കുട്ടികളായ മക്കൾ ഇമയും ഇവാനും സ്‌കൂളിലുമായിരുന്നു. സെബാസ്‌റ്റ്യന്റെ ഭാര്യ ജാൻസി രണ്ട് ദിവസം മുമ്പ് മൂത്തമകൻ സിജുവിന്റെ കോട്ടപ്പുറത്തെ വീട്ടിലേക്ക് പോയിരുന്നു.

എട്ടുമണിയോടെ ജോലിസ്ഥലത്തുനിന്ന് സിനോജും പത്തരയോടെ ഷാനുവിന്റെ അമ്മ മിനിയും ഫോൺ വിളിച്ചപ്പോൾ വേറെ പ്രശ്ന‌ങ്ങളുള്ളതായി പറഞ്ഞില്ല. ഭക്ഷണത്തെച്ചൊല്ലി ആറുമാസം മുമ്പുണ്ടായ കലഹത്തെത്തുടർന്ന് സിനോജും ഷാനുവും സെബാസ്റ്റ്യനുമായി അധികം സംസാരിക്കാറില്ല. മൂത്തമകൻ സിജു സെബാസ്റ്റ്യനുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുകയാണ്. മഞ്ഞുമ്മൽ തച്ചങ്കേരി പരേതനായ ലാസറിന്റെ ഏകമകളാണ് ഷാനു.

sebastian-
മരുമകളെ കഴുത്തറുത്തശേഷം തൂങ്ങിമരിച്ച സെബാസ്റ്റ്യൻ

2015ലായിരുന്നു സിനോജിന്റെ വിവാഹം. അതിന് ഒരു വർഷംമുമ്പാണ് കൊച്ചങ്ങാടിയിൽ പുതിയ വീടുവച്ച് താമസിച്ചത്. വെൽഡറായിരുന്ന സെബാസ്റ്ര്യൻ കൊച്ചങ്ങാടിയിൽ വന്നശേഷം വടക്കുപുറത്ത് ഓട്ടോടാക്‌സി ഓടിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ഷാനുവിന്റെ മൃതദേഹം മഞ്ഞുമ്മൽപള്ളി സെമിത്തേരിയിലും സെബാസ്റ്റ്യന്റേത് കൂട്ടുകാട്പള്ളി സെമിത്തേരിയിലും സംസ്കരിക്കും.