പറവൂർ: എൽ.കെ.ജിയിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളായ ഇമയും ഇവാനുമായി അദ്ധ്യാപകർ സ്കൂൾ വിടുന്നതിനുമുമ്പേ കാനപ്പിള്ളി വീട്ടിലെത്തി. അവിടെ പൊലീസും ആൾക്കൂട്ടവും കണ്ടപ്പോൾ ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ അമ്മയെവിടെയെന്ന് ചോദിച്ചു. ആർക്കും ഉത്തരമുണ്ടായില്ല. രാവിലെ സ്കൂളിലേക്ക് യാത്രയാക്കിയ അമ്മയെക്കാൻ ഇമയും ഇവാനും ഓരോ മുറികളിൽ കയറി നോക്കി. തുടർന്ന് അമ്മ എവിടെയെന്ന് ചോദിച്ച് രണ്ടുപേരും ഏങ്ങിക്കരഞ്ഞു. ഒന്നും പറയാനാകാതെ നാട്ടുകാരും മൗനംപാലിച്ചു. അമ്മവരുമെന്നുപഞ്ഞ് അടുത്ത ബന്ധുക്കളെത്തി കുട്ടികളെ ആശ്വസിപ്പിച്ചു. കുട്ടികൾ കാണാതിരിക്കാൻ വീട്ടിലെ രക്തക്കറകൾ നാട്ടുകാർ തുടച്ചുമാറ്റിയിരുന്നു.
ഭർതൃപിതാവായ സെബാസ്റ്റന്റെ വെട്ടേറ്റ് രക്തംവാർന്ന് ഷാനു ഓടിയെത്തിയ വീട്ടുകാരുടേയും സമീപവാസികളുടെയും ഞെട്ടൽ മാറിയിട്ടില്ല. എല്ലാവരും ആദ്യം പകച്ചുനിന്നുപോയി. സംഭവം അറിഞ്ഞെത്തിയ റിട്ട. സബ് ഇൻസ്പെക്ടർ മുരളിയാണ് ആംബുലൻസ് വിളിച്ചതും പൊലീസിനെ അറിയിച്ചതും.
മഞ്ഞുമ്മൽ സ്വദേശികളായ സെബാസ്റ്റ്യനും കുടുംബവും പത്തുവർഷം മുമ്പാണ് കൊച്ചങ്ങാടിയിൽ താമസത്തിനെത്തിയത്. സിനോജിന്റേയും ഷാനുവിന്റെയും വിവാഹം ഇവിടെവച്ചായിരുന്നു. അയൽവാസികളായി ഈ കുടുംബത്തിന് കാര്യമായ അടുപ്പമില്ലായിരുന്നു. സിനോജിനും സഹോദരൻ സിജുവിനും നാട്ടിൽ സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിലും കുടുംബത്തിലെ പ്രശ്നങ്ങളൊന്നും അവർക്കറിയില്ലായിരുന്നു. അവിവാഹിതനായ സിജു അടുത്തിടെ സെബാസ്റ്റ്യനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കോട്ടപ്പുറത്തേക്ക് താമസം മാറ്റിയിരുന്നു. വെൽഡറായിരുന്ന സെബാസ്റ്റ്യൻ മഞ്ഞുമ്മൽ താമസിക്കുമ്പോൾ പൊതുപ്രവർത്തന രംഗത്തുണ്ടായിരുന്നു. എല്ലാവരുമായി നല്ലരീതിയിലാണ് ഇടപ്പെട്ടിരുന്നത്. അടുപ്പമുള്ളവർക്കും നല്ല അഭിപ്രായമാണ്. മകനും മരുമകളുമായി തർക്കങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും അടിപിടിക്കൊന്നും സെബാസ്റ്ര്യൻ മുതിർന്നിട്ടില്ല. സംഭവത്തിന് തൊട്ടുമുമ്പ് സിനോജും അമ്മ മിനിയും ഷാനുവുമായി സംസാരിച്ചിരുന്നു. ആ സമയത്തൊന്നും പ്രശ്നങ്ങൾ നടന്നിട്ടില്ല. ഷാനുവിനെ കഴുത്തറുത്തശേഷം ആത്മഹത്യചെയ്യാൻ സെബാസ്റ്റ്യൻ തയ്യാറെടുത്തിരുന്നതായാണ് പൊലീസ് നിഗമനം.