കൊച്ചി: ഗുരുതര ക്രമക്കേട് കണ്ടെത്തിയാൽ സഹ. സംഘം ഭരണസമിതികളെ രജിസ്ട്രാർക്ക് സസ്‌പെൻഡ് ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സഹകരണ ചട്ടങ്ങളിൽ സസ്‌പെൻഷന് വ്യവസ്ഥയില്ലെന്നത് ഇതിനു തടസമല്ലെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സതിഷ് നൈനാൻ, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഫുൾ ബെഞ്ച് വ്യക്തമാക്കി.
സസ്‌പെൻഷന് വ്യവസ്ഥയില്ലാത്തതിനാൽ അന്വേഷണം പൂർത്തിയായി ഗരുതര വീഴ്ചകൾ കണ്ടെത്തിയാൽ ഭരണസമിതി പിരിച്ചുവിടാൻ മാത്രമേ നിയമം അനുശാസിക്കുന്നുള്ളുവെന്ന് നേരത്തേ ഒരുഡിവിഷൻബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ അന്വേഷണവുമായി ഭരണസമിതി സഹകരിക്കാത്ത സാഹചര്യങ്ങളിൽ സസ്‌പെൻഷൻ ആകാമെന്ന് മറ്റൊരു ഡിവിഷൻ ബെഞ്ചും വിലയിരുത്തി. രണ്ട് ഡിവിഷൻ ബെഞ്ചുകൾ വ്യത്യസ്ത നിലപാട് സ്വീകരിച്ചതിനെത്തുടർന്നാണ് ഫുൾബെഞ്ചിനു വിട്ടത്.
ഇടുക്കി നെടുങ്കണ്ടം ഡീലേഴ്‌സ് സഹ. സംഘം ഭരണസമിതിയെ സസ്‌പെൻഡ് ചെയ്ത ജോയിന്റ് രജിസ്ട്രാറുടെ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരി വച്ചിരുന്നു. പിന്നീട് ഭരണസമിതി സമർപ്പിച്ച അപ്പീലിൽ ഡിവിഷൻ ബെഞ്ച് സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കി നിയമ പ്രശ്‌നം പരിഗണിക്കാൻ ഫുൾബെഞ്ചിന് അയയ്ക്കുകയുമായിരുന്നു.