
മൂന്നാം മണിമുഴക്കം അവസാനത്തേതാണ്. പിന്നീട് മുന്നറിയിപ്പുണ്ടാവില്ല! കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടകരമായ പ്രത്യാഘാതങ്ങൾ പ്രതിരോധിക്കാനുള്ള പ്രവർത്തനം ഇപ്പോഴെങ്കിലും തുങ്ങാനുള്ള അവസാന അറിയിപ്പ് വന്നുകഴിഞ്ഞു എന്ന അർത്ഥം
ശത്രുക്കളോട് ഏറ്റവും അടുത്തു നിൽക്കുന്ന, സൈനിക നിരയുടെ ഭാഗമെന്നാണ് ഇംഗ്ളീഷ് നിഘണ്ടുവിൽ ഫണ്ട് ഫണ്ട് ലൈൻ എന്ന പദത്തിന് അർത്ഥം. ഈ വർഷം കാലാവസ്ഥാ ദിനത്തിന്റെ ആപ്തവാക്യം, At the frontline of climate action എന്നാണ്. കാലാവസ്ഥാ പ്രവർത്തനത്തിൽ സമൂഹവും കാലാവസ്ഥാ വ്യതിയാനവും നേർക്കുനേർ നിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ കാലാവസ്ഥാ വ്യതിയാനമെന്ന ശത്രുവിന്റെ തൊട്ടടുത്ത് നാം എത്തിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. ഇനി യുദ്ധകാലമാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പൊരുതിയേ മതിയാകൂ. അതല്ല, ഇനിയും നമ്മൾ നിസ്സംഗഭാവം തുടരാനാണ് ഭാവമെങ്കിൽ 'നമ്മുടെ നിലനിൽപ്പുതന്നെ അപകടത്തിൽ' എന്ന ചുരുങ്ങിയ വാക്കിൽ അതിന്റെ തീക്ഷ്ണത ഒതുക്കാം.
ലോക കാലാവസ്ഥാ ഓർഗനൈസേഷൻ 1950 മാർച്ച് 23 ന് സ്ഥാപിതമായതിന്റെ ഭാഗമായാണ് 1951 മുതൽ എല്ലാ വർഷവും ആ ദിവസം ലോക കാലാവസ്ഥാ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പതിമൂന്നാമത്തെ ലക്ഷ്യമായ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കണമെന്നുള്ള ആഹ്വാനം നടപ്പിൽ വരുത്തുന്നതിൽ ലോകത്തെ എല്ലാ രാജ്യങ്ങളും പരാജയപ്പെടുന്നതിന്റെ ഏറ്റവും പ്രധാന തെളിവാണ് ഇന്ന് അതീവ ഗുരുതരമായ കാലാവസ്ഥാ വ്യതിയാനം നമ്മുടെയൊക്കെ ഉറക്കം കെടുത്തുന്നു എന്ന വാസ്തവം!
വികസനവും
കാർബണും!
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് വർഷം തോറും ഉയർന്നുകൊണ്ടിരിക്കുന്ന കാർബൺ ബഹിർഗമനത്തിന്റെ തോത്. കാലാവസ്ഥ എന്നത് ആഗോള പ്രതിഭാസമാകയാൽ ഒരു സംസ്ഥാനത്തിനോ രാജ്യത്തിനോ മാത്രമായി അതുണ്ടാക്കുന്ന പ്രശ്‌നങ്ങൾക്കെതിരെ തീരുമാനമെടുക്കാനാവില്ല. എല്ലാ രാജ്യങ്ങളും ചേർന്നുള്ള ആത്മാർഥമായ പ്രവർത്തനങ്ങളാണ് ആവശ്യം. എന്നാൽ കാർബൺ ബഹിർഗമനം ഓരോ രാജ്യത്തിന്റെയും വികസനവുമായും സാമ്പത്തിക വളർച്ചയുമായും ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ വിഷയത്തിൽ വികസിത രാജ്യങ്ങളുടെ ആത്മാർഥമായ ഇടപെടൽ ഇല്ലാതെ പോകുകയാണ്. ഫലമോ, ലോകമാകെ ഇതിന്റെ തിക്തഫലം അനുഭവിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു.
ഇത്തരത്തിൽ വികസിത രാജ്യങ്ങൾ കാർബൺ ബഹിർഗമനം നിയന്ത്രിക്കുന്നതിൽ മെല്ലെപ്പോക്ക് പ്രകടമാക്കുമ്പോൾ അവികസിത രാജ്യങ്ങളാകട്ടെ, തങ്ങൾക്ക് ഇനിയും ഏറെ പുരോഗതി കൈവരിക്കേണ്ടതുണ്ട് എന്ന ന്യായം പറഞ്ഞാണ് പിന്തിരിഞ്ഞു നിൽക്കുന്നത്- ആദ്യം വികസിത രാജ്യങ്ങൾ നടപടിയെടുക്കട്ടെ എന്ന മട്ടിൽ. പക്ഷേ, അവർക്കൊന്നും മനസ്സിലാകാത്ത (ഒരു പക്ഷെ മനസ്സിലാവുന്നില്ല എന്ന് നടിക്കുകയാണോ!) ഒരു കാര്യം ഇത് നമ്മുടെ അടുത്ത തലമുറയുടെ ഉറക്കം കെടുത്താൻ പോകുന്നു എന്നതാണ്. ഇത്തരത്തിൽ കാലാവസ്ഥയുടെ സ്വാഭാവികത തകിടം മറിയുമ്പോൾ മനുഷ്യന്റെ മാത്രമല്ല, മറ്റെല്ലാ ജീവികളുടെയും നിലനിൽപ്പിനെയാണ് അത് ബാധിക്കാൻ പോകുന്നത്.
കൊടുക്കേണ്ടത്
വലിയ വില
ലോക കാലാവസ്ഥാ ഓർഗനൈസേഷൻ അടുത്തിടെ പുറത്തിയാക്കിയ 'ആഗോള കാലാവസ്ഥയുടെ അവസ്ഥ' എന്ന റിപ്പോർട്ട് അല്പം ഗൗരവസ്വഭാവമുള്ളതാണ്. ആഗോളതാപനം മൂലം ലോകം വലിയ ആപത്തിലേക്ക് പോകുന്നുവെന്നാണ് റിപ്പോർട്ട്. 2023 എന്നത് ലോകം ഏറ്റവുമധികം കാർബൺ വാതകം പുറത്തുവിട്ട വർഷമാണെന്നും ഈ വർഷം ചിലപ്പോൾ അതിനെയും മറികടക്കുമെന്നും അതിൽ പരാമർശമുണ്ട്. മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമെന്ന 2023-ന്റെ റെക്കാഡ് ഈ വർഷം തിരുത്തപ്പെടുമെന്നും പറയുന്നു. ഇത്തരം പരാമർശങ്ങളിൽ തെല്ലും അതിശയോക്തിയില്ല. കാരണം കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും നമുക്ക് വെറും രണ്ട് വാക്കുകൾ മാത്രമാണ്. അതിന്റെ കാഠിന്യം എത്രയെന്നോ, നാളെ അതുണ്ടാക്കാൻ പോകുന്ന ദുരന്തത്തെക്കുറിച്ചോ നാം ബോധവാന്മാരല്ല.
കാലാവസ്ഥയിലെ ഈ മാറ്റം നമ്മുടെ ദൈനംദിന ജീവിതത്തെ പലരീതിയിലാണ് ബാധിക്കുന്നത്. അനിയന്ത്രിതമായി ചൂട് കൂടുന്നത് ജീവിതം ദുസ്സഹമാക്കുന്നു എന്നതിനൊപ്പം പ്രകൃതി ദുരന്തങ്ങൾക്കു കൂടി വഴിവയ്ക്കുന്നത് സുനാമിയായും പ്രളയമായും വരൾച്ചയായും നാം കൺമുന്നിൽത്തന്നെ കാണുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആഗോള താപനം മൂലം ധ്രുവങ്ങളിലെ മഞ്ഞുമലകൾ ഉരുകുകയും, അതുവഴി സമുദ്രങ്ങളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്നത് നമുക്ക് ഭീഷണിയാണ്. കൂടാതെ, നമ്മുടെ നിലനിൽപ്പിന്റെ നട്ടെല്ലായ കൃഷിയെയും കാലാവസ്ഥാമാറ്റം വലിയ നിലയിൽ ബാധിക്കുന്നു. ലോക ഭക്ഷ്യോത്പാദനത്തിൽ ഉണ്ടായിരിക്കുന്ന ഭീമമായ ഇടിവ് പരിശോധിച്ചാൽ അത് കൃത്യമായി മനസ്സിലാക്കാൻ കഴിയും.
അനുഭവിക്കേണ്ടത്
നമ്മൾ കൂടി
ഇന്ത്യയെ സംബന്ധിച്ച് മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാർബൺ ബഹിർഗമനം താരതമ്യേന കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മറ്റുള്ളവരെപ്പോലെ നമ്മളും, മറ്റുള്ളവരുടെ പ്രവൃത്തിയുടെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നുണ്ട്. യു.എസും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമാണ് ഇക്കാര്യത്തിൽ നിർണായകമായ തീരുമാനം എടുക്കേണ്ടവർ. എന്നാൽ അവർ വികസനം മാത്രം ലക്ഷ്യമിടുമ്പോൾ ഇവയൊന്നും കാണാതെ പോകുകയാണ്. ഫലമോ, നാളെ നമുക്ക് സ്വസ്ഥമായി ജീവിക്കാൻ പോലുമാകാത്ത ഇടമായി ഭൂമി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
വികസിത രാജ്യങ്ങൾ വികസനങ്ങൾക്കൊപ്പം കാലാവസ്ഥയും കാർബൺ ബഹിർഗമനവും ഗൗരവമായി എടുക്കുകയും മറ്റു രാജ്യങ്ങളുമായി ഒത്തുചേർന്ന് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ നയപരമായ തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോവുകയും ചെയ്താൽ മാത്രമേ ഇതിന് പരിഹാരമുണ്ടാവുകയുള്ളൂ. അതിന് ഇന്ത്യ മുൻകൈയെടുക്കണം. അത് നമ്മളിൽ നിന്നുതന്നെ തുടങ്ങുകയും വേണം. നാമോരുത്തരും പലവിധ പ്രവർത്തങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന കാർബൺ വലിയതോതിൽ കുറയ്ക്കുവാൻ നാം തയ്യാറാവണം. അങ്ങനെ ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ വലിയ വിപത്തിനെ പ്രതിരോധിക്കാൻ നമുക്കാവുകയുള്ളൂ. ഈ കാലാവസ്ഥാദിനം അതിനായുള്ള വലിയ ശ്രമങ്ങൾക്കുള്ള തുടക്കമാവട്ടെ.
(കൊച്ചി സർവ്വകലാശാല, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ. ഫോൺ: 99461 99199)