നിർമ്മാണ മുന്നൊരുക്കങ്ങൾക്ക് തുടക്കം

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് എത്തിയതോടെ തൃക്കാക്കരയിലെ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാനുള്ള നടപടികൾക്ക് വേഗത കുറയും. തെങ്ങോട് പഴങ്ങാട്ട്ചാലിൽ ടൂറിസം പദ്ധതി പ്രദേശത്തെ ചതുപ്പുഭൂമി നികത്തിയാണ് കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നത്. ഇവിടേക്കുള്ള വഴി വീതികൂട്ടി ഒരുക്കിയ ശേഷം ചതുപ്പ് മണ്ണിട്ടുനികത്തി നിരപ്പാക്കാൻ നാലുകോടിയോളം രൂപയാണ് ചെലവ്. തുക തൃക്കാക്കര നഗരസഭയാണ് നൽകുന്നത്. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇതിനുള്ള നടപടികൾ ഇനിയും നീളും.

വിദ്യാലയം സ്ഥാപിക്കാനുള്ള നടപടികൾക്ക് വേഗംകൂട്ടി മുന്നോട്ട് പോകുകയാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയതിന് പിന്നിലായാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയത് ഇതോടെ ഉദ്യോഗസ്ഥരും തിരക്കിലായി. ചുമതലയിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവുമായി. കേന്ദ്രീയവിദ്യാലയം സംബന്ധിച്ച രേഖകൾ ശരിയാക്കുന്നത് സംബന്ധിച്ച ജോലികളും ഇനിയുമേറെ നീളും.

വിദ്യാലയം സ്ഥാപിക്കാൻ തൃക്കാക്കരയിൽ കണ്ടെത്തിയ ഭൂമിയിലേക്കുള്ള വഴിയൊരുക്കലും ഭൂമി നിരപ്പാക്കാനുള്ള നടപടികളും വേഗത്തിലാക്കാൻ കളക്ടറേറ്റിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈബി ഈഡൻ, ഉമ തോമസ് എം.എൽ.എ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചിരുന്നു.

 താത്കാലിക കെട്ടിടത്തിൽ പ്രവർത്തനം

കെട്ടിടംപണി പൂർത്തീകരിക്കുന്നതുവരെ നഗരസഭയുടെ തെങ്ങോട്ടുള്ള വ്യവസായ പാർക്കിലെ കെട്ടിടത്തിലാണ് കെ.വി. സ്‌കൂൾ പ്രവർത്തിപ്പിക്കുക. ഈ കെട്ടിടം വിട്ടുനൽകാമെന്ന് നഗരസഭ നേരത്തേ ബന്ധപ്പെട്ട സ്‌കൂൾ അധികൃതരെ അറിയിച്ചിരുന്നു. അടുത്ത അദ്ധ്യയനവർഷം മുതൽ തൃക്കാക്കരയിൽ കേന്ദ്രീയ വിദ്യാലയം പ്രവർത്തനം തുടങ്ങാനുള്ള തരത്തിലാണ് നടപടികൾ മുന്നോട്ട് പോകുന്നത്.

സ്ഥലം നികത്താൻ നാല് കോടി

സ്ഥലം നികത്താനുള്ള നാല് കോടി രൂപ തൃക്കാക്കര നഗരസഭ നേരത്തെ അനുവദിച്ചിട്ടുണ്ട്. നികത്തൽ അനുമതി സർക്കാരിൽ നിന്ന് ലഭ്യമാക്കണം. മുന്നോടിയായി നിർദിഷ്ട സ്ഥലം സർക്കാരിന്റെ ഉടമസ്ഥതയിലാക്കും വിധം രേഖകൾ ക്രമപ്പെടുത്താൻ കളക്ടർ തൃക്കാക്കര നഗരസഭയ്ക്കു നിർദേശം നൽകിയിരുന്നു. ഇതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സ്ഥലം സർക്കാർ രേഖകളിൽ ഇല്ലാത്തതിനാൽ നികത്താനുള്ള ശുപാർശ നൽകാൻ കഴിയുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. പ്രദേശത്തേക്കു വഴിയൊരുക്കാനുള്ള നടപടികളും ചർച്ച ചെയ്തിരുന്നെങ്കിലും നീളുകയാണ്