ആലുവ: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാാതിയിൽ തൃശൂർ മലയാളി മാർക്കറ്റ് എന്ന സ്ഥാപന നടത്തിപ്പുകാരൻ തൃശൂർ സ്വദേശി നിഷാന്തിനെതിരെ ആലുവ പൊലീസ് കേസെടുത്തു.
ആലുവ പുളിഞ്ചോട് കാട്ടികുഴി റോഡിൽ പയ്യപ്പിള്ളി വീട്ടിൽ ജോൺസൻ തോമസിന്റെ മകൻ മെബിൻ ജോൺസനാണ് (22) പരാതിക്കാരൻ.
പാലക്കാട് സ്വദേശിനിയായ സുഹൃത്ത് അഞ്ജന മുഖേനയാണ് നിഷാന്തിനെ പരിചയപ്പെട്ടത്. യു.കെയിൽ കെയർ വർക്കർ വിസക്കായി 13 ലക്ഷം രൂപ വേണമെന്ന് പറഞ്ഞതനുസരിച്ച് 2023 ഡിസംബർ 23ന് നിഷാന്തിന്റെ അക്കൗണ്ടിലേക്ക് ആദ്യം 50,000 രൂപ നൽകി. 2024 ഫെബ്രുവരിയിൽ വിസ വന്നതായി അറിയിച്ചതിനെ തുടർന്ന് ജനുവരി ആറിന് പിതാവ് ജോൺസൻ തോമസിന്റെ അക്കൗണ്ടിൽ നിന്നും നിഷാന്തിന്റെ അക്കക്കൗണ്ടിലേക്ക് 2,50000 രൂപ കൂടി നൽകി. ഫെബ്രുവരി ഏഴിന് പിതാവിന്റെയും തന്റെയും അക്കൗണ്ടുകളിൽ നിന്നും അഞ്ച് ലക്ഷം രൂപ വീതം നിഷാദിന്റെ അക്കൗണ്ടിലേക്ക് നൽകി.
മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതായപ്പോൾ മാർച്ച് പത്തിന് വിമാന ടിക്കറ്റ് എടുത്ത് നൽകി. ഡൽഹിയിലെത്തിയപ്പോൾ യു.കെയിൽ നിന്നും ഫയൽ എത്തിയിട്ടില്ലെന്ന് പറഞ്ഞ് അവിടെ നിൽക്കാൻ പ്രേരിപ്പിച്ചു. ഇതിനിടെ കൂടെ യു.കെയിലേക്ക് പോകുന്നവരിൽ ചിലരുടേത് വ്യാജ വിസയാണെന്ന് കേട്ടതോടെ നിഷാന്തിനെ വീണ്ടും വിളിച്ചപ്പോൾ കൈയ്യൊഴിയുകയായിരുന്നു. തന്റെ കൈവശം പണം മടക്കി നൽകാൻ ഇല്ലെന്നായിരുന്നു വിശദീകരണം.
തുടർന്നാണ് തിരികെയെത്തി ആലുവ പൊലീസിൽ പരാതി നൽകിയത്. സമാനമായ നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും മെബിൻ ജോൺസൺ പറഞ്ഞു.