
തൃപ്പൂണിത്തുറ: പൂത്തോട്ട സർക്കാർ ആശുപത്രിയിൽ നാലു വർഷം മുമ്പ് നിറുത്തലാക്കിയ കിടത്തിചികിത്സ പുന:സ്ഥാപിക്കാൻ ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് ആശുപത്രി വികസന സംരക്ഷണ സമിതി പ്രവർത്തകർ ഉദയം പേരൂർ പഞ്ചായത്തിന് മുമ്പിൽ ബഹുജന ധർണ നടത്തി. നിലവിൽ 44കിടക്കകൾ 5 ഡോക്ടർ 31സ്ഥിരം ജീവനക്കാർ, ക്വാർട്ടേഴ്‌സ് എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഇവിടുണ്ടായിട്ടും കേന്ദ്രത്തെ കേവലം ഒ.പി സെന്ററായി തരം താഴ്ത്തുകയായിരുന്നു. ധർണ എഡ്രാക്ക് പ്രസിഡന്റ് രംഗദാസപ്രഭു ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ എം.പി. ജയപ്രകാശൻ അദ്ധ്യക്ഷനായി. ജനറൽ കൺവിനർ കെ.ടി. വിമലൻ, ടി.വി. ഗോപിദാസ്, എൻ.ടി. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.