അങ്കമാലി: അങ്കമാലി നഗരസഭ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അപ്രതീക്ഷിത ജയം.കോൺഗ്രസിലെ മുൻധാരണ പ്രകാരം വൈസ് ചെയർപേഴ്സൺ, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം സ്ഥിരംസമിതി അദ്ധ്യക്ഷർ എന്നിവർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ഒഴിവിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. അഞ്ച് അംഗങ്ങളുള്ള കമ്മിറ്റിയിലെ കോൺഗ്രസിലെ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, പോൾ ജോവർ, ഷൈനി മാർട്ടിൻ എന്നിവർ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. എൽ.ഡി.എഫിലെ ടി.വൈ.ഏല്യാസും അജിത ഷിജോയുമാണ് പങ്കെടുത്തത്. ഇതോടെ സി.പി.എം കൗൺസിലറായ ടി.വൈ. ഏല്യാസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷയായി കോൺഗ്രസിലെ ജാൻസി അരീക്കലും ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയായി കോൺഗ്രസിലെ തന്നെ ജെസ്മി ജിജോയും തിരഞ്ഞെടുക്കപ്പെട്ടു. മാസങ്ങൾക്ക് മുൻപ് പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്ര അംഗം ലക്സി ജോയി അട്ടിമറി വിജയം നേടിയിരുന്നു. നിലവിൽ ലക്സി ജോയി എൽ.ഡി.എഫിനൊപ്പമാണ്.