മൂവാറ്റുപുഴ: കൊടുംചൂടിനിടെ എത്തിയ

വേനൽമഴ പായിപ്രയിൽ കനത്ത നാശംവിതച്ചു. മൂവാറ്റുപുഴ നഗരത്തിൽ നേരിയ തോതിലും പായിപ്ര, വാളകം, മാറാടി, മുളവൂർ, വാഴക്കുളം, കദളിക്കാട്, ആരക്കുഴ, പണ്ടപ്പിള്ളി, കൂത്താട്ടുകുളം, കല്ലൂർക്കാട്, പോത്താനിക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ സാമാന്യം നല്ല രീതിയിലും ഇന്നലെ മഴ ലഭിച്ചു.

ഇന്നലെ വൈകിട്ട് ആറിനുശേഷമാണ് മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശിയടിച്ചത്.

പായിപ്ര പഞ്ചായത്ത് ഒന്ന്, 22 വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശത്ത് കാറ്റിൽ കൃഷിനാശമുണ്ടായത്. മാനാറി മീമ്പനാൽ പരമേശ്വരൻ നായരുടെ കൃഷിയിടത്തിലെ 350 വാഴകൾ നിലംപൊത്തി. കുലകൾ മൂപ്പെത്താറായ വാഴകളാണ് നശിച്ചു. പായിപ്ര സൊസൈറ്റിപ്പടിയിൽ ഏനാലിൽ ഷൺമുഖദാസിന്റെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. പ്രദേശത്ത് വിവിധ സ്ഥലങ്ങളിലെ വാഴ, കപ്പ, പച്ചക്കറി കൃഷികൾ എന്നിവ നശിക്കുകയും മരങ്ങൾ ഒടി‌ഞ്ഞുവീഴുകയും ചെയ്തു. അതേസമയം,

ഇത്തവണ കനാലുകളിലെ വെള്ളം കുറഞ്ഞത് കാർഷികരംഗത്തെ ബാധിച്ചിരുന്നു. ഇതിനിടെയാണ് നേരിയ ആശ്വാസമായി വേനൽമഴ എത്തിയത്. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.