കൊച്ചി: സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 24കാരനിൽ നിന്ന് 1,34,000 രൂപയും ഒന്നര പവന്റെ സ്വർണമാലയും തട്ടിയെടുത്ത അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായി. മലപ്പുറം സ്വദേശികളായ ഷഹീം, അനന്ദു, അൻസിൽ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ മുഖ്യപ്രതികളിൽ ഒരാളും കൂട്ടാളിയും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിയായ യുവാവാണ് ക്രൂരതയ്ക്ക് ഇരയായത്.

സ്വവർഗാനുരാഗികൾക്കായുള്ള ഡേറ്റിംഗ് ആപ്പിലൂടെയാണ് യുവാവ് പ്രതികളിൽ ഒരാളുമായി പരിചയത്തിലാകുന്നത്. ചാറ്റിംഗിലൂടെ അടുത്തതോടെ, യുവാവിനെ കാണണമെന്ന് ആവശ്യപ്പെട്ടു. രാത്രി എറണാകുളം അമ്മൻകോവിന് സമീപം എത്തിയ യുവാവിനെ പ്രതികൾ തടഞ്ഞുവയ്ക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ഫോട്ടോകളും മറ്റും കൈക്കലാക്കുകയുമായിരുന്നു. ഇവ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൈമാറുമെന്ന് ഭീഷണിപ്പെടുത്തി 20,000 രൂപയാണ് ആദ്യം തട്ടിയത്. പണം നൽകിയതോടെ യുവാവിനെ വിട്ടയച്ചു.

പിറ്റേന്ന് നഗരത്തിലെ ഒരു മാളിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി 30,000 രൂപയുംകൂടി കൈക്കലാക്കി. യുവാവ് താമസിക്കുന്ന ലോഡ്ജിലെത്തി പ്രതികൾ, ഇയാളെ മർദ്ദിച്ച് അവശനാക്കി ഒന്നരപവന്റെ മാലയും പൊട്ടിച്ചെടുത്ത് സ്ഥലം വിട്ടു. തുടർന്നും ഭീഷണിപ്പെടുത്തി പ്രതികൾ ഗൂഗിൾ പേയിലൂടെ പലതവണയായി യുവാവിൽ നിന്ന് പണം വാങ്ങിക്കൊണ്ടിരുന്നു. നാണക്കേട് ഓർത്ത് നടന്ന സംഭവങ്ങൾ യുവാവ് ആരോടും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ യുവാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ഫോൺനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒന്നാം പ്രതിയായ ഷഹീമിനെയാണ് ആദ്യം പിടികൂടിയത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടുപ്രതികളായ രണ്ട് പേരെയും പിടികൂടുകയായിരുന്നു. ഷഹീമിനെതിരെ പറവൂർ സ്റ്റേഷനിൽ പോക്‌സോ കേസും തിരൂർ സ്റ്റേഷനിൽ ക്രിമിൽ കേസുമുണ്ട്. മാല കൈക്കലാക്കിയവരെയാണ് ഇനി പിടികൂടാനുള്ളത്. എറണാകുളം സെൻട്രൽ എസ്.എച്ച്.ഒയുടെ നിർദ്ദേശപ്രകാരം എസ്.ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മൂവരെയും കോടതി റിമാൻഡ് ചെയ്തു.