ആലുവ: വേനൽച്ചൂട് രൂക്ഷമായതും പെരിയാർവാലി കനാലിൽ വെള്ളം എത്താത്തതും ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി മേഖലയെ കടുത്ത വരൾച്ചയിലാക്കി. കുന്നത്തേരി, പള്ളിത്താഴം പ്രദേശങ്ങളിൽ കിണറുകളിലെ നീരുറവ പോലും നിലച്ച അവസ്ഥയാണ്. കിണറുകളിൽ നിന്ന് ചെളി കലങ്ങിയ വെള്ളമാണ് ലഭിക്കുന്നത്.

തായിക്കാട്ടുകര ശ്രീനാരായണപുരം, കരോത്തുകുഴി ഭാഗത്ത് പെരിയാർവാലി കനാൽ വഴിയുള്ള ജലവിതരണം തടസപ്പെട്ടതാണ് കുന്നത്തേരി ഭാഗത്തെ കടുത്ത ജലക്ഷാമത്തിന് കാരണം. ഇതോടെ കിണറുകളെ ആശ്രയിച്ചിരുന്നവർ കുടിക്കാനും മാറ്റവശ്യങ്ങൾക്കും വെള്ളം കിട്ടാതെ വലയുകയാണ്. കാർഷികാവശ്യങ്ങൾക്കും വെള്ളം ലഭിക്കാതെ കൃഷിയിടങ്ങളും കരിഞ്ഞുണങ്ങുന്നു. കുന്നത്തേരി കട്ടേപ്പാടത്ത് നെൽക്കൃഷി കരിഞ്ഞുതുടങ്ങി. പച്ചക്കറി കൃഷികളും നശിച്ചുതുടങ്ങിയിട്ടുണ്ട്. പെരിയാർവാലി കനാലിലെ മാലിന്യം അടിയന്തരമായി നീക്കി ജലവിതരണം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇതുസംബന്ധിച്ച് മൈനർ ഇറിഗേഷൻ ചീഫ് എക്‌സിക്യുട്ടീവ് എൻജിനിയർക്ക് പഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദൻ നിവേദനം നൽകി.