കൊച്ചി: പ്രതിപക്ഷ നേതാക്കൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കൂട്ടരുടെയും പരാജയഭീതിയാണെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരായ ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് കൊച്ചി ഇ.ഡി ആസ്ഥാനത്തേക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തി​രഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ ജനവികാരം ഉണ്ടാകുമെന്ന ഭയംമൂലം പ്രതിപക്ഷ പാർട്ടികളെയും അതിന്റെ നേതാക്കളെയും ഭയപ്പെടുത്തി വരുതിയിൽ നിർത്താമെന്നാണ് മോദി കണക്കുകൂട്ടുന്നത്. എന്നാൽ കേന്ദ്രസർക്കാരിനെതിരെയുള്ള ജനരോഷം തി​രഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും തി​രഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ അടിവേര് ഇളക്കുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരത്തിൽ
ടി.ജെ. വിനോദ് എം.എൽ.എ, നേതാക്കളായ ലൂഡി ലൂയിസ്, എം.ആർ. അഭിലാഷ്, വി.കെ. മിനിമോൾ, മുനമ്പം സന്തോഷ്, എം.പി. ശിവദത്തൻ, എൻ.ആർ. ശ്രീകുമാർ, ഇഖ്ബാൽ വലിയവീട്ടിൽ, ജിന്റോ ജോൺ, സേവ്യർ തായങ്കരി, ആർ.കെ. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.