കൊച്ചി: തോപ്പുംപടി ഫിഷിംഗ് ഹാർബർ കേന്ദ്രീകരിച്ച് തുടക്കമിട്ട കോടികളുടെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ ഇന്നലത്തെ പ്രചാരണം. തോപ്പുംപടി ഹാർബറിൽ നിന്നാണ് ഹൈബിയുടെ കൊച്ചി മണ്ഡല പര്യടനം തുടങ്ങിയത്. തൊഴിലാളികളുമായി വിശേഷങ്ങൾ പങ്കു വച്ച ഹൈബി ഈഡൻ വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി. തുടർന്ന് മുണ്ടംവേലി, മാനാശേരി, കണ്ണമാലി, ചെല്ലാനം എന്നിവിടങ്ങളിലെത്തി പിന്തുണ തേടി. ഉച്ചയ്ക്ക് ശേഷം മട്ടാഞ്ചേരിയിലെ വോട്ടർമാരെ നേരിൽ കണ്ട ഹൈബി വിവിധ ദേവാലയങ്ങളും സന്ദർശിച്ചു. തുടർന്ന് പ്രമുഖരുടെ വീടുകൾ സന്ദർശിച്ചു. തിരുമല ദേവസ്വം ക്ഷേത്രത്തിലും ഹൈബി സന്ദർശനം നടത്തി.
മട്ടാഞ്ചേരിയിലെ പ്രശസ്തമായ ചെമ്പിട്ട പള്ളിയിലെ നോമ്പ് തുറയിലും സ്ഥാനാർത്ഥി പങ്കെടുത്തു.