കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതി മോൻസൺ മാവുങ്കലും പരാതിക്കാരും നടത്തിയ ഹവാല ഇടപാട് കേന്ദ്ര വരുമാന നികുതി വകുപ്പും (ഇൻകംടാക്‌സ്) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. അനുബന്ധ കുറ്റപത്രത്തോടൊപ്പമായിരിക്കും റിപ്പോർട്ട്. മോൻസണിന് പ്രതികൾ 10 കോടി രൂപ കൈമാറിയെന്നത് യാഥാർത്ഥ്യമാണ്. ഇതിൽ 2.10 കോടി രൂപ മാത്രമേ ബാങ്ക് ഇടപാട് നടന്നിട്ടുള്ളൂ. ബാക്കി പണമായി കൈമാറി. ഇതിന്റെ ഉറവിടത്തിൽ വ്യക്തതയില്ല. ഹവാല പണമാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
7.90 കോടി രൂപയ്ക്ക് ഉറവിടം കാണിക്കാൻ ഇതുവരെ പരാതിക്കാർക്കും സാധിച്ചിട്ടില്ല. കൈമാറിയത് ഹവാല പണമല്ലെന്നതിൽ ഉറച്ച് നിൽക്കുകയാണ് പരാതിക്കാരും. പണത്തിന്റെ ഉറവിടം ഹാജരാക്കാനുള്ള നോട്ടീസ് പ്രകാരം ഇന്നലെ പരാതിക്കാരായ കോഴിക്കോട് സ്വദേശികളായ യാക്കൂബും എം.ടി. ഷെമീറും കളമശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയിരുന്നു. അപൂർണമായ രേഖകളാണ് ഇവർ നൽകിയത്.
റിപ്പോർട്ടിൽ യാക്കൂബ് മറ്റൊരു പരാതിക്കാരനായ അനൂപിന് രണ്ട് കോടി രൂപ കൈമാറിയതിന്റെ രേഖയാണ് ഉണ്ടായിരുന്നതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായിരിക്കെ, ഉറവിടം ബോധിപ്പിക്കാൻ ഇനി പരാതിക്കാരെ നോട്ടീസ് നൽകി വിളിപ്പിക്കേണ്ടതില്ലെന്നും അനുബന്ധ കുറ്റപത്രത്തിനൊപ്പം ഹവാലയുമായി ബന്ധപ്പെട്ട റിപ്പോർട്ടും നൽകാമെന്ന തീരുമാനത്തിൽ ക്രൈംബ്രാഞ്ച് എത്തുകയായിരുന്നു.
പുരാവസ്തു തട്ടിപ്പ്‌കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് പരാതിക്കാരുടെ ഇപ്പോഴത്തെ ആവശ്യം. ഹൈക്കോടതിൽ ഇതിനായി ഹർജി നൽകും. മോൺസണിന് 10 കോടി രൂപ നൽകിയതിന്റെ ബാങ്ക് രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും അത് ഹവാല പണമല്ലെന്നുമാണ് ഇവർ ആവർത്തിക്കുന്നത്. ഇക്കാര്യത്തിൽ ഏത് അന്വേഷണവുമായി സഹകരിക്കുമെന്ന നിലപാടിലാണ് പരാതിക്കാർ. വിദേശത്ത് തടഞ്ഞുവച്ചിരിക്കുന്ന പണം തിരികെ കിട്ടാനുള്ള ചെലവിലേക്കെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിൽ നിന്ന് മോൻസൺ പണം വാങ്ങിയത്.