ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ ഗുഡ് ഷെഡിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറിക്കടിയിൽ കിടന്നയാൾ ചക്രം കയറി തത്ക്ഷണം മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളുടെ പോക്കറ്റിൽ നിന്നും രാജു എന്ന പേരിൽ അങ്കമാലി ഗവ. ആശുപത്രിയിൽ ചികിത്സതേടിയതിന്റെ കുറിപ്പടി ലഭിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഗുഡ് ഷെഡിൽ ഓട്ടം ടേൺ ആയതിനെ തുടർന്ന് പുറത്ത് ഗേറ്റിനോട് ചേർന്ന് സ്വകാര്യസ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ലോറി ഡ്രൈവർ മുന്നോട്ടെടുത്തപ്പോഴാണ് പിൻചക്രങ്ങൾ തലയിലൂടെ കയറിയതെന്ന് കരുതുന്നു. ഭക്ഷണാവശിഷ്ടങ്ങളും മദ്യകുപ്പിയും സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഏകദേശം 45 വയസുണ്ട്. 5.5അടി ഉയരം, വെളുത്ത നിറം മെലിഞ്ഞ ശരീരം. കാപ്പി നിറത്തിലെ മുണ്ടും നീല ടീ ഷർട്ടും ചുവന്ന തോർത്തും ധരിച്ചിട്ടുണ്ട്. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിൽ.