1
ലക്ഷങ്ങൾ മുടക്കിയ ഫോർട്ട് കൊച്ചി പരേഡ് മൈതാനം

തോപ്പുംപടി: കൊച്ചിയിലെ മൈതാനങ്ങൾ കായിക പ്രേമികൾക്ക് അന്യമാകുന്നുവെന്ന് പരാതി. ഡ്രൈവിങ് പരിശീലനവും കുഴികളും കൂരിരുട്ടും ഇഴജന്തുക്കളും നാൽക്കാലികളുടെ മേയലും ഒരുവശത്ത് മൈതാനങ്ങളെ താറുമാറാക്കുമ്പോൾ മദ്യ-മയക്കുമരുന്ന് മാഫിയാ സംഘങ്ങളുടെ വിളയാട്ടവും കായികതാരങ്ങൾക്ക് തിരിച്ചടിയാകുന്നു. കോടികൾ മുടക്കി നവീകരണം നടത്തുമ്പോഴും മൈതാനങ്ങളെ നശിപ്പിക്കുന്ന ശക്തികളും സജീവമായുണ്ട്. 2017ൽ അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് പരിശീലന വേദികളായ ഫ്ലഡ്ലിറ്റ് അടക്കമുള്ള നവീകരണത്തിന് കോടികൾ ചിലവഴിച്ച മൈതാനങ്ങളും പൂർണ തകർച്ചയുടെ വക്കിലാണ്. ഇതൊക്കെയും പരിശീലനത്തിനിറങ്ങുന്ന താരങ്ങൾക്ക് പലവിധ അപകടങ്ങൾക്കും ഇടയാക്കുന്നു. ഫോർട്ടുകൊച്ചി പരേഡ് മൈതാനം, വെളി മൈതാനം, സമ്പൂസ്സ മൈതാനം, സാന്താക്രൂസ് സ്കൂൾ മൈതാനം, ടി. ഡി ഹൈസ്കൂൾ മൈതാനം, കൊച്ചിൻ കോളേജ് ഗ്രൗണ്ട്, ചുള്ളിക്കൽ നഗരസഭ പാർക്കും മൈതാനവും,​ ബാലുമ്മേൽ സ്റ്റേഡിയം , കച്ചേരിപ്പടി മൈതാനം തുടങ്ങിവയൊക്കെയും കായികതാരങ്ങൾക്ക് അന്യമായിക്കൊണ്ടിരിക്കുന്നത്. ഉത്സവകാലങ്ങളിൽ മൈതാനങ്ങൾ അമ്യൂസ്‌മന്റ് പാർക്കുകാർക്കും കച്ചവടക്കാർക്കും മെഗാഷോ പരിപാടികൾക്കും നൽകുന്നതോടെയാണ് ഏറെ നാശോന്മുഖമാകുന്നത്. തെരുവുവിളക്കുകൾ പ്രവ‌ർത്തന രഹിതമായതോടെ പുല‌ർച്ചെയും വൈകിട്ടും മൈതാനങ്ങൾ ഇരുട്ടിലാകുന്നതും പരിശീലനങ്ങൾക്ക് തടസമാകുന്നു. പൊട്ടിച്ചിതറിയ മദ്യക്കുപ്പികളും മയക്കുമരുന്നു സിറിഞ്ചുകളും പ്ലാസ്റ്റിക് കുപ്പികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് മിക്ക മൈതാനങ്ങളും. കൂടാതെ ഭക്ഷണ പ്ലേറ്റുകളും ഇറച്ചിമാലിന്യങ്ങളും നിക്ഷേപിക്കുന്ന കേന്ദ്രമായും ഇവ മാറുന്നു. മൈതാനങ്ങൾക്കു ചുറ്റും മാലിന്യ കൂമ്പാരങ്ങൾ നിറയുകയാണ്. സംരക്ഷണവേലികൾ തകർത്തും നീക്കം ചെയ്തുമാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. പശ്ചിമകൊച്ചിയിലെ മൈതാനങ്ങളെ പ്രവ‌ർത്തനയോഗ്യമാക്കാൻ അധികാരികൾ ശക്തമായ നടപടികൾ കൈ ക്കൊള്ളണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.

തെരുവു വിളക്കുകൾ പ്രകാശിക്കാത്തതും പൊലീസ് പട്രോളിങ്ങ് ഇല്ലാത്തതും സാമൂഹ്യ വിരുദ്ധർക്ക് വളമാകുന്നു. കുട്ടികൾ മണിക്കൂറുകളോളം ശുചീകരിച്ചാണ് മൈതാനം പരിശീലനത്തിനായി ഒരുക്കുന്നത്.

കായിക പരിശീലകൻ റൂഫസ് ഡിസൂസ.