photo

വൈപ്പിൻ : നാട്ടിൽ പോകാനായി കടലിൽ ചാടിയ തമിഴ്‌നാട്ടുകാരായ മത്സ്യത്തൊഴിലാളികളെ മത്സ്യ ബന്ധന ബോട്ട് ജീവനക്കാർ രക്ഷപ്പെടുത്തി വൈപ്പിൻ മറൈൻ എൻഫോഴ്‌സ്‌മെന്റിന് കൈമാറി. സെന്റ് അണ്ണാമലൈ എന്ന ബോട്ടിൽ നിന്ന് ചാടിയ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തായ് നഗർ സ്വദേശി ഗാഡ്‌സൺ(28), തൂത്തുക്കുടി സിൽവപ്പെട്ടി മുത്തുപാണ്ടി(18) എന്നിവരെയാണ് അഴീക്കോട് നിന്ന് കടലിൽ പോയ മാലിക് ത്രീ എന്ന ബോട്ടിലെ തൊഴിലാളികൾ രക്ഷപ്പെടുത്തിയത്.

കരയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ചാലിന് സമീപം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ആഴ്ചകളായി ബോട്ടിൽ കടലിൽ പണിയെടുക്കുന്ന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടുവെങ്കിലും ബോട്ടുടമ അനുവദിച്ചില്ല. ഇതേ തുടർന്നാണ് ലൈഫ് ബോട്ടുമായി കടലിൽ ചാടിയത്. ബോട്ടുമായി ബന്ധപ്പെട്ട തരകൻ മുഖേന ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഇവരെ നാട്ടിലേക്കയച്ചു. മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരായ നൈന, ഷിജു , അനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.