കൊച്ചി: മാലിന്യരഹിതമാക്കിയും ചെറുപൂന്തോട്ടങ്ങൾ സ്ഥാപിച്ചും മറൈൻ ഡ്രൈവിനെ സൗന്ദര്യവത്കരിക്കാനുള്ള 'അറബിക്കടലിന്റെ റാണി, അഴകിന്റെ റാണി" പദ്ധതിക്ക് സർക്കാർ അംഗീകാരം. കൊച്ചി കോർപ്പറേഷൻ, ജി.സി.ഡി.എ, സി.എസ്.എം.എൽ എന്നിവയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ശുചിത്വ മിഷനാണ് കർമ്മ പദ്ധതി സമർപ്പിച്ചത്.
ഓരോ 50 മീറ്ററിലും മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള ബിന്നുകൾ സ്ഥാപിക്കൽ അന്തിമ ഘട്ടത്തിലാണ്. ആവശ്യാനുസരണം പൊതുടോയ്ലറ്റുകളും നിർമ്മിക്കും. മറൈൻഡ്രൈവിലേക്ക് സന്ദർശകരെ കൂടുതലായി ആകർഷിക്കുകയാണ് ലക്ഷ്യം.

മുമ്പ് സ്വകാര്യ ഏജൻസികൾക്ക് നൽകിയിരുന്ന മറൈൻഡ്രൈവ് ശുചീകരണം കുടുംബശ്രീയ്ക്ക് നൽകി. രാവിലെയും വൈകിട്ടും കുടുംബശ്രീ പ്രവർത്തകർ മറൈൻ ഡ്രൈവ് ശുചീകരണം നടത്തും. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മതിലുകളിൽ ചിത്രങ്ങൾ വരയ്ക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു.

ഒരു ടോയ്‌ലെറ്റ് സീറ്റിന് ഒന്നര ലക്ഷം രൂപയാണ് ചെലവ്. ഇതിന്റെ 55 ശതമാനം ശുചിത്വ മിഷനും 45 ശതമാനം കോർപ്പറേഷനും വഹിക്കും. ടോയ്ലെറ്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കോർപ്പറേഷൻ കണ്ടെത്തണം. ഇതിൽ സാനിറ്ററി പാ‌ഡുകൾ, ഡയപ്പറുകൾ എന്നിവ സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കും.

സുരക്ഷ കൂട്ടും, മാലിന്യരഹിതമാകും

എക്‌സ് സർവീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൂർണസമയ സുരക്ഷാസംവിധാനം

മാലിന്യം സംഭരണത്തിനും തരംതിരിക്കലിനും കൈമാറ്റത്തിനും ഹരിത സഹായ സ്ഥാപനങ്ങൾ മുഖേന സംവിധാനം

കൂടുതൽ ബോട്ടിൽ ബൂത്തുകളും സി.സി.ടി.വി ക്യാമറകളും

കുടുംബശ്രീ സഹായത്തോടെ പൂന്തോട്ടങ്ങൾ

ഹോട്ടലുകൾ,​ ചെറുകിട ഷോപ്പുകൾ,​ വിനോദസഞ്ചാര ബോട്ടുകൾ എന്നിവിടങ്ങളിൽ നിന്നും ജൈവ അജൈവമാലിന്യങ്ങൾ തരംതിരിച്ച് വാങ്ങും

ബോട്ടുകളിലെ ശുചിമുറി മാലിന്യ സംസ്‌കരണത്തിന് ബയോ ഡയജസ്റ്റർ സംവിധാനം

പാർക്കിംഗ് ഗ്രൗണ്ട് നവീകരണം