padam

 ഇറങ്ങുന്നതിന് മുന്നേ ബസ് എടുത്തു  74കാരിക്ക് ദാരുണാന്ത്യം

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരുടെ അശ്രദ്ധയും അമിതവേഗത്തിനും ഇരയായി ഒരു ജീവൻ കൂടി നിരത്തിൽ പൊലിഞ്ഞു. 74ാം വയസിലും അപ്പച്ചട്ടിയും കറിക്കത്തികളും വിറ്റ് ഉപജീവനം നയിച്ചിരുന്ന തൃപ്പൂണിത്തുറ മരട് പുത്തൻപുരയ്ക്കൽ വീട്ടിൽ ഭാഗ്യവതിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ പനമ്പള്ളിനഗറിൽ ബസ് ഇറങ്ങുന്നതിനിടെയായിരുന്നു ദാരുണാപകടം.

സംഭവത്തിൽ തൃപ്പൂണിത്തുറ-ചേരാനെല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.

മരടിലെ വീട്ടിൽ നിന്ന് കച്ചവടസാധനങ്ങളുമായി എറണാകുളത്തേയ്ക്ക് വരുന്നതിനിടെ പനമ്പള്ളിനഗറിൽ ഇറങ്ങണമെന്ന് ഭാഗ്യവതി ആവശ്യപ്പെട്ടു. ആൾത്തിരക്ക് മൂലം ഭഗ്യവതിക്ക് വേഗത്തിൽ ഇറങ്ങാൻ കഴിഞ്ഞില്ല. ബസിൽ നിന്ന് റോഡിലേക്ക് കാൽവച്ച് കമ്പിയിൽ നിന്ന് പിടിവിടും മുമ്പ് ബസ് മുന്നോട്ടെടുത്തു.

റോഡിൽ തലയടിച്ചാണ് വീണത്. ദേഹത്ത് മറ്റ് പരിക്കുകൾ ഒന്നുമുണ്ടായിരുന്നില്ല. തനിക്ക് കുഴപ്പമൊന്നും ഇല്ലെന്നായിരുന്നു ഓടിക്കൂടിയവരോട് ഭാഗ്യവതി പറഞ്ഞത്. എന്നാൽ നിൽപ്പിലും നടത്തത്തിലും പന്തികേട് തോന്നി ബസ് ജീവനക്കാർ ഇവരെ ഓട്ടോയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ തലച്ചോറിയിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ, ഭാഗ്യവതിയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ വൈകിട്ട് 3.30 ഓടെ മരണത്തിന് കീഴടങ്ങി.

സൗത്ത് സ്റ്റേഷനിലെ എസ്.ഐ. സി. ശരത്തിന്റെ നേതൃത്വത്തിൽ പൊലീസ് കോട്ടയത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം വിട്ടു നൽകി. സംസ്കാരം നടത്തി. പരേതനായ തങ്കപ്പനാണ് ഭർത്താവ്. മക്കൾ: സുരേഷ്, സുജ.

ഈവർഷം 348 അപകട മരണം

സംസ്ഥാനത്ത് ഈവർഷം വാഹനാപകടത്തിൽ മരിച്ചത് 348 പേർ. ഫെബ്രുവരി വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ 4792 വാഹനാപകടങ്ങളുണ്ടായി. ഇതിൽ 5412 പേർക്ക് പരിക്കേറ്റു. പോയവർഷം 4010 പേരുടെ ജീവനുകളാണ് വാഹനാപകടത്തിൽ പൊലിഞ്ഞത്. 48,141 വാഹനാപകടങ്ങളിലായി 54369 പേർക്ക് പരിക്കേറ്റു. സാരമായ പരിക്കേറ്റവരാണ് അധികവും.