y
എ.വി. ബൈജു

തൃപ്പൂണിത്തുറ: തായ്ലാൻഡിലെ ബാങ്കോക്കിൽ നടക്കുന്ന അന്താരാഷ്ട്ര ബ്ലൈൻഡ് ഫുട്ബാൾ ടൂർണമെന്റ് മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ദേശീയ റഫറി എ.വി. ബൈജു തൃപ്പൂണിത്തുറയുടെ അഭിമാനമാകുന്നു. ടൂർണമെന്റിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക റഫറിയും അദ്ദേഹം തന്നെ.

തൃപ്പൂണിത്തുറ ബോയ്സ് സ്കൂൾ മൈതാനത്ത് ഖോ ഖോ കളിച്ചിരുന്ന ബൈജുവിൽ ഒരു ഫുട്ബാൾ കളിക്കാരനുള്ള മികവുണ്ടെന്ന് കണ്ടെത്തിയത് കോച്ച് രവീന്ദ്രനാണ്. തുടർന്ന് ഭഗത് സോക്കർ ക്ലബിലൂടെ രവീന്ദ്രന്റെ ശിക്ഷണത്തിൽ ഫുട്ബാളിൽ ബൈജു ഉയരങ്ങൾ വെട്ടിപ്പിടിച്ചു.

എ ഡിവിഷൻ ലീഗിലും നിരവധി ടൂർണമെന്റിലും ഭഗത് സോക്കറിന്റെ അറ്റാക്കറായിരുന്ന ബൈജുവിന്റെ റഫറിയിംഗിലുള്ള കഴിവ് തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും കോച്ച് രവീന്ദ്രൻ തന്നെ. കർണാടകയിൽ നടന്ന രാജീവ്ഗാന്ധി കപ്പ് ടൂർണമെന്റ്, ലക്ഷദ്വീപിലെ ഇന്റർ ഐലൻഡ് കപ്പ്, ഓൾ ഇന്ത്യ പൊലീസ് ടൂർണമെന്റ്, ഗോവയിൽ നടന്ന പർപ്പിൾ ഫെസ്റ്റ് (ഐ.ബി.എഫ്.എഫ്) ടൂർണമെന്റ് തുടങ്ങി കേരളത്തിനകത്തും പുറത്തും നിരവധി മത്സരങ്ങൾ നിയന്ത്രിക്കുന്ന അദ്ദേഹം കളിക്കാർക്കിടയിൽ സുപരിചിതനാണ്.

തൃപ്പൂണിത്തുറ നഗരസഭയിലെ മുൻ കൗൺസിലറാണ്. നിലവിൽ ട്രൂറ സൗത്ത് സോൺ ജോ. സെക്രട്ടറി, കെ.പി.എം.എസ് ഏരിയാ സെക്രട്ടറി, മിഷൻ സ്കൂൾ റെസി. അസോസിയേഷൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. നിരവധി കുട്ടികളെ സൗജന്യമായി ഫുട്ബാൾ പരിശീലിപ്പിക്കുന്നുണ്ട്.

ദുൽഖർ സൽമാൻ ചിത്രം കിംഗ് ഒഫ് കൊത്തയിൽ ഫുട്ബാൾ റഫറിയായി അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമാണെന്ന് ബൈജു പറഞ്ഞു. തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിന് സമീപം അണ്ടിപ്പിള്ളിത്താഴത്ത് വീട്ടിൽ പരേതനായ വേലായുധന്റെയും സതിയുടേയും മകനാണ്. സഹോദരൻ: ഷൈജു.