പറവൂർ: തീരദേശമേഖലയിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ പറവൂർ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. വടക്കേക്കര പഞ്ചായത്തിലെ തീരദേശ മേഖലയായ മാല്യങ്കര, ചെട്ടിക്കാട്, കൊട്ടുവള്ളിക്കാട് തുടങ്ങിയ ഇടങ്ങളിലാണ് ഒരാഴ്ചയിലധികമായി കുടിവെള്ളം ലഭിക്കാത്തത്.
പമ്പ് ഹൗസിൽ നിന്ന് അകലെയുള്ള പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. പമ്പിംഗ് സമയം കുറച്ചതും വേണ്ടത്ര പ്രഷർ ഇല്ലാത്തതുമാണ് ഇതിന് കാരണം. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, പറവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, പഞ്ചായത്ത് അംഗങ്ങളായ പി.എം. ആന്റണി, ടി.ബി. ബിനോയ്, പി.ജി. ജിൽജോ, പൊതുപ്രവർത്തകരായ എം.ഡി. മധുലാൽ, എ.ഡി. ദിലീപ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉപരോധസമരം നടത്തിയത്. എക്സിക്യുട്ടീവ് എൻജിനിയർ മേരി ഷിജ, അസി. എൻജിനിയർ പി.പി. ജയ എന്നിവരുമായി നടത്തിയ ചർച്ചയിൽ അടുത്തദിവസം കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.