facebook

കോലഞ്ചേരി: നാലാൾ കൂടുന്നിടത്ത് വണ്ടിയിൽ മൈക്കു വച്ചു കെട്ടി പ്രസംഗിച്ച് വോട്ടഭ്യർത്ഥനയുടെ കാലം കഴിഞ്ഞു. വോട്ടു വേണമെങ്കിൽ 'ഇ' തലമുറയുടെ ഒഴുക്കിനൊത്ത് തുഴഞ്ഞേ പ​റ്റൂ എന്ന് മുന്നണികളും തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പിൽ. യുവാക്കളുടേതുൾപ്പെട്ട ജന വിഭാഗങ്ങളുടെ അഭിപ്രായ സ്വരൂപീകരണത്തിന് വേദിയായി സമൂഹ്യ മദ്ധ്യമങ്ങൾ മാറിയതോടെ ഇ പ്രചാരണം കൊഴുക്കുകയാണ്.

ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലും ഇൻസ്​റ്റാഗ്രാമിലും ട്വി​റ്ററിലുമൊക്കെയായി ഇ പ്രചരണം സജീവമാക്കി യുവ തലമുറയും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. സ്ഥാനാർത്ഥികൾ കളം പിടിച്ചതോടെ അവരവരുടെ സ്ഥാനാർത്ഥികൾ ചെയ്ത വികസന പ്രവർത്തികൾ അക്കമിട്ടു നിരത്തി ഫെയ്‌സ് ബുക്കിൽ പോസ്​റ്റിട്ട് ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയാണ്.

കമന്റുകളും ലൈക്കുകളുമൊക്കെയായി ഗൗരവമായ ചർച്ചകളാണ് നടത്തുന്നത്. സ്ഥാനാർത്ഥികൾക്കായി രൂപ കല്പന ചെയ്ത ഫെയ്‌സ് ബുക്ക് പേജുകളിലെ കമന്റ് ബോക്‌സിൽ ചോദ്യങ്ങൾ ചോദിക്കാം ഉത്തരവും കിട്ടും.

സിനിമ ഡയലോഗ് ട്രെൻഡ്

സിനിമാ താരങ്ങളുടെ അകമ്പടിയോടെ ട്രോളുകളാണ് മ​റ്റൊരു ട്രെൻഡ്. തന്നെ ഒന്നു ട്രോളിയാലും കുഴപ്പമില്ല വോട്ട് തന്റെ പെട്ടിയിൽ തന്നെ വീഴണമെന്ന കാഴ്ചപ്പാടാണ് സ്ഥാനാർത്ഥികൾക്കുള്ളത്. മൊബൈൽ റിംഗ് ടോണുകളായി വോട്ടഭ്യർത്ഥനയും തരംഗമായിട്ടുണ്ട്. സ്ഥാനാർത്ഥികൾ എല്ലാവരും തന്നെ വെബ് സൈ​റ്റുകളും തുടങ്ങി.