1

ഫോർട്ടുകൊച്ചി: വേനലവധിക്കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫോർട്ടുകൊച്ചിയിലെ കുട്ടികളുടെ പാർക്കിന്റെ നവീകരണം അനന്തമായി നീളുന്നു. ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ജോലികൾ മന്ദഗതിയിലാണ് നീങ്ങുന്നത്. ഫോർട്ട്കൊച്ചിയിൽ ഉല്ലാസത്തിനെത്തുന്ന കുരുന്നുകൾക്കുള്ള ഏക ആശ്വാസമാണ് കുട്ടികളുടെ പാർക്ക്.

സി.എസ്.എം.എല്ലിന്റെ നേതൃത്വത്തിൽ പാർക്കിന്റെ നവീകരണം തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ വർഷം നവംമ്പറിൽ നവീകരണം പൂർത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പിന്നീട് പല തവണ പൂർത്തിയാകുമെന്ന് അറിയിച്ചെങ്കിലും നിർമ്മാണം നീണ്ടു. നിലവിൽ ഏപ്രിൽ അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കൂവെന്നാണ് അധികൃതർ പറയുന്നത്.

കോടികൾ ഒഴുകിയ നവീകരണം

ചിലരെ സംബന്ധിച്ചിടത്തോളം കറവ പശുകൂടിയാണ് പാർക്ക് . ഓരോ രണ്ടു വർഷം കൂടുമ്പോഴും പാർക്കിൽ നവീകരണം നടത്തുന്ന പതിവും തുടരുകയാണ് . കോടികൾ ചെലവിട്ടാണ് ഓരോ തവണയും നവീകരണം. എന്നാൽ പൂർണതോതിൽ നവീകരണമോ മതിയായ വിനോദോപാദികളോ പാർക്കിലില്ല. വിനോദത്തിന് ഒരുക്കുന്നത് വില കുറഞ്ഞ കളി ഉപകരണങ്ങളെന്നും വ്യാപക പരാതിയുണ്ട്. കൊച്ചി ടൂറിസം മേഖലയിലെ മറ്റ് പാർക്കുകളുടെയും സ്ഥിതി വിഭിന്നമല്ല. മട്ടാഞ്ചേരിയിലെ കുട്ടികളുടെ പാർക്കിന്റെ നവീകരണവും നീളുകയാണ്.

പാർക്കുകൾ തുറക്കാൻ സത്വര നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം.

ആന്റണി കുരീത്തറ

പ്രതിപക്ഷ നേതാവ്

കോർപ്പറേഷൻ

പാർക്കിന്റെ കവാടം പൊളിച്ചു നീക്കി നെഹ്റുവിന്റെ പേര് മാറ്റാനുള്ള നീക്കം നടക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. പാർക്കിൽ നെഹ്റുവിന്റെ പേര് നിലനിറുത്തണം

മുജീബ് റഹ്മാൻ

സാമൂഹ്യ പ്രവർത്തകൻ.