ആലുവ: പെരിയാർവാലി കനാലുകളുടെ ശുചീകരണം ശരിയാംവിധം നടക്കാത്ത സാഹചര്യത്തിൽ കുന്നത്തേരി ഭാഗത്തെ കടുത്ത ജലക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് പെരിയാർവാലി കനാൽ പ്രൊജക്ട് എക്സിക്യുട്ടീവ് എൻജിനിയർ ബിനു ബേബി 'കേരളകൗമുദി'യോട് പറഞ്ഞു.
'കനാലിൽ വെള്ളമെത്തുന്നില്ല, വലഞ്ഞ് കുന്നത്തേരിക്കാർ' എന്ന തലക്കെട്ടിൽ ഇന്നലെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ അസി. എക്സിക്യുട്ടീവ് എൻജിനിയർ സിനിയോട് സ്ഥലം സന്ദർശിച്ച് അടിയന്തര നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിയാർവാലി കനാലിന്റെ മെയിൻ കനാലുകൾ പെരിയാർവാലി അധികൃതർ നേരിട്ടാണ് ശുചീകരിച്ചത്.

എന്നാൽ സബ് കനാലുകൾ തദ്ദേശസ്ഥാപനങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് ശുചീകരിച്ചത്. അതിനാൽ സബ് കനാലുകളുടെ ശുചീകരണം ശരിയാംവിധം നടന്നിട്ടില്ല. അടുത്തവർഷം പ്രത്യേക ഫണ്ട് കണ്ടെത്തി സബ് കനാലിന്റെ ശുചീകരണവും പെരിയാർവാലി നേരിട്ട് ഏറ്റെടുക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കുന്നത്തേരി ഭാഗത്തെ കനാൽ ശുചീകരിച്ചത് തൊഴിലുറപ്പ് തൊഴിലാളികളാണെന്നും ചൂർണിക്കരയിൽ ഇത് ശരിയാംവിധം നടന്നിട്ടില്ലെന്നും അസി. എക്‌സിക്യുട്ടീവ് എൻജിനിയർ സിനി പറഞ്ഞു. കനാലിൽ വെള്ളം ലഭിക്കാത്തതിനാൽ കിണറുകളിൽ നീരുറവ ഇല്ലെന്നും കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയെന്നും ആരോപിച്ച് പഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദനാണ് രംഗത്തെത്തിയത്. കുന്നത്തേരി, പള്ളിത്താഴം പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷം. തായിക്കാട്ടുകര ശ്രീനാരായണപുരം, കരോത്തുകുഴി ഭാഗത്താണ് കനാൽ വെള്ളം തടസപ്പെട്ടത്.