മൂവാറ്റുപുഴ: രാജ്യത്തെ ജനാധിപത്യം തിരികെപ്പിടിക്കാനുള്ള പോരാട്ടമാണ് ഇത്തവണത്തെ പാർലമെന്റ് തിരഞ്ഞെടുപ്പെന്ന് കേരള കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പി.സി തോമസ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ മൂവാറ്റുപുഴ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കഥകൾ മെനഞ്ഞു പ്രതിപക്ഷ നേതാക്കളെ ജയിലിൽ അടക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പറഞ്ഞു. അഴിമതി ഉറപ്പാണ് എന്നതാണ് മോദിയുടെ പുതിയ ഗ്യാരൻഡിയെന്ന് ഇലക്ട്രൽ ബോണ്ട് അഴിമതി ചൂണ്ടിക്കാട്ടി ഡീൻ പരിഹസിച്ചു. ഡോ. മാത്യു കുഴൽനാടൻ എംഎൽ.എ മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ അഡ്വ. കെ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.എം. അബ്ദുൾ മജീദ്, ജോസഫ് വാഴയ്ക്കൻ,, പി.എം. അമീർ അലി, സാബു ജോൺ, സുഭാഷ് കടയ്ക്കോട്, പി.എ. ബഷീർ, പി.പി. എൽദോസ്, ഉല്ലാസ് തോമസ്, പായിപ്ര കൃഷ്ണൻ, പി.എം. ഏലിയാസ്, കെ.ജി. രാധാകൃഷ്ണൻ, എം.എസ്. സുരേന്ദ്രൻ, മുഹമ്മദ് പനക്കൽ തുടങ്ങിയവർ സംസാരിച്ചു.

മൂവാറ്രുപുഴ: ഇടുക്കി ലോക്‌സഭ മണ്ഡലത്തിൽ നിന്നുംതാൻ തിരഞ്ഞെടുക്കപ്പെട്ടാൽ തേക്കടിയുടെ ടൂറിസം പ്രൗഢിയും തനിമയും തിരിച്ചുകൊണ്ടുവരുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ് പറഞ്ഞു. പീരുമേട് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദ‌ർശിച്ച സമയത്ത് വോട്ടർമാരോട് സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. തേക്കടിയും വാഗമണ്ണും പീരുമേടും പരുന്തുംപാറയും പാഞ്ചാലിമേടും അമ്മച്ചിക്കൊട്ടാരവും കുട്ടിക്കാനവും പള്ളിക്കുന്ന് സെമിട്രി ടൂറിസവും ഏലപ്പാറ വ്യൂ പോയിന്റും എല്ലാം ഉൾപ്പെടുത്തി സമഗ്രമായ ടൂറിസം പദ്ധതിക്ക് രൂപം നൽകുമെന്നും സ്ഥാനാർത്ഥി പറഞ്ഞു.
രാവിലെ 7ന് കുട്ടിക്കാനത്തു നിന്ന് ആരംഭിച്ച് ഉപ്പുതറ, ചപ്പാത്ത്, 35-ാം മൈൽ, പെരുവന്താനം, ഏന്തയാർ, കൊക്കയാർ എന്നിവിടങ്ങളിൽ ജോയ്സ് ജോർജ് പര്യടനം പൂർത്തിയാക്കി. തുടർന്ന് രാത്രി 8ന് വണ്ടിപ്പെരിയാറിൽ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന നൈറ്റ് മാർച്ചിലും പങ്കെടുത്തു. അഡ്വ. ജോയ്സ് ജോർജ് ഇന്ന് ദേവികുളം മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 7ന് മൂന്നാറിൽ തുടക്കം. ഉച്ചക്ക് ഒന്നു മുതൽ മറയൂർ പഞ്ചായത്തിൽ പര്യടനം നടത്തും. തിങ്കളാഴ്ച മൂവാറ്റുപുഴ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ കാണും.