
കൊച്ചി: ചുമട്ടുതൊഴിലാളികളുമായി സംവദിച്ചാണ് ഇന്നലെ എറണകുളത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.ജെ.ഷൈനും യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും പര്യടനം നടത്തിയത്. മരടിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ ഇന്നലെ പ്രചാരണം തുടങ്ങിയത്. തന്റെ ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്ന ശാന്ത ടീച്ചറെ വസതിയിലെത്തി കണ്ട് അനുഗ്രഹം വാങ്ങി. നെട്ടൂരിൽ ഹൈബിയെ ഐ.എൻ.ടി.യു.സി തൊഴിലാളികൾ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിലെത്തി അമ്മയുമായി കൂടിക്കാഴ്ച നടത്തി. മരടിൽ കുരുത്തോല പെരുന്നാളിന്റെ ഒരുക്കങ്ങളിലും ഹൈബി ഭാഗമായി. വാകയിലച്ചന്റെ ശവകുടീരത്തിലും പുലിയന്നൂർ മഠത്തിലുമെത്തി അനുഗ്രങ്ങൾ തേടി.
ഉച്ചയ്ക്ക് ശേഷം പള്ളുരുത്തി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. കുമ്പളങ്ങിവഴിയിലെത്തിയ സ്‌ഥാനാർത്ഥിയെ റോസരി കോൺവെന്റിലെ സിസ്റ്റർമാർ കൊഴുക്കട്ട തിരുനാളിന്റെ ഭാഗമായ കൊഴുക്കട്ട നൽകിയാണ് സ്വീകരിച്ചത്. സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി എന്നിവരെയും ഹൈബി കണ്ടു.
നഗരം കേന്ദ്രീകരിച്ച് ഷൈനിയുടെ പര്യടനം
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ.ഷൈന്റെ പര്യടനം ഇന്നലെ എറണാകുളം നഗരം കേന്ദ്രീകരിച്ചായിരുന്നു. വൈറ്റിലയിലും വെണ്ണലയിലും പൂണിത്തുറയിലും ഊഷ്മള സ്വീകരണമാണ് ഷൈന് ലഭിച്ചത്. വൈറ്റില ജംഗ്ഷനിൽ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. ഇവിടെ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സംഘടിപ്പിച്ച കോരു ആശാൻ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു. ചുമട്ടു തൊഴിലാളി വൈറ്റില ബ്രാഞ്ച് സ്വീകരണം നൽകി.
വൈറ്റില ജംഗ്ഷനിൽ യാത്രക്കാരെയും തൊഴിലാളികളെയും കണ്ട് പിന്തുണ തേടി. തുടർന്ന് പൊന്നുരുന്നി അസാസ്സുൽ ഇസ്ലാം മദ്രസയിലും പൊന്നുരുന്നി- മായിങ്കര പറമ്പ് ഭാഗത്തെ റെസിഡൻഷ്യൽ ഏരിയകളിലും പര്യടനം തുടർന്നു. വൈറ്റില സെന്റ് പാട്രിക് പള്ളിയിലും കയറി.
പൂണിത്തറയിൽ പ്രശസ്ത കാൻസർ രോഗവിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരനെയും പ്രശസ്ത സംഗീതജ്ഞൻ ശ്രീവത്സൻ ജെ.മേനോനെയും സന്ദർശിച്ചു. ഉച്ചക്ക് ശേഷം വെണ്ണല അഭയമാതാ ദേവാലയത്തിൽ നിന്നുമാണ് പര്യടനം തുടങ്ങിയത്. അഞ്ച് മണിയോടെ വെണ്ണലയിലെ എൽ.ഡി.എഫ് സ്വീകരണ പരിപാടിയിലും പങ്കെടുത്തു.