കൊച്ചി: ചാലക്കുടി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാർത്ഥികൾ. പട്ടിമറ്റം ബ്ലോക്കിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന്റെ പ്രചാരണം. ശബരിമല മുൻ മേൽശാന്തി എ.ആർ. രാമൻ നമ്പൂതിരിയുടെ വസതി അദ്ദേഹം സന്ദർശിച്ചു. തുടർന്ന് ഐരാപുരം റബർ പാർക്ക് ജീവനക്കാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് മണ്ണൂത്തി ആർദ്രത ബാലഭവൻ, കോലഞ്ചേരി മെഡിക്കൽ ആശുപത്രി, ഐക്കര നാടിലെ ജെനുവിൻ സ്പൈസസ് കമ്പനി എന്നിവിടങ്ങളിലെത്തി ബെന്നി ബെഹനാൻ വോട്ട് അഭ്യർത്ഥിച്ചു. ഇന്ന് ആലുവ ബ്ലോക്കിലെ തോട്ടക്കാട്ടുകര, കീഴ്മാട്, ചൂർണിക്കര, എടത്തല സെൻട്രൽ എന്നിവിടങ്ങളിൽ പര്യടനം നടത്തും.

ആർ.എൽ.വി രാമകൃഷ്ണനെ സന്ദർശിച്ച് രവീന്ദ്രനാഥ്

നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെ വീട്ടിൽ സന്ദർശിച്ച് പിന്തുണ അറിയിച്ചായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. രവീന്ദ്രനാഥിന്റെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്.

ചാലക്കുടി മണ്ഡലത്തിലെ പരിയാരം, കുറ്റിക്കാട്, മോതിരക്കണ്ണി, കാഞ്ഞിരപ്പിള്ളി, കോടശേരി, മേലൂർ, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. പെനുവൽ ഫൗണ്ടേഷനിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി.

കുറ്റിക്കാട് ഹിന്ദുസ്ഥാൻ പവർ ലിങ്ക്‌സ്, സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ, ബോക്‌സർ അപ്പാരൽസ്, കരുണാലയം ആശ്രമം, മോതിരക്കണ്ണി എസ്.എൻ.ഡി.പി എൽ.പി.സ്‌കൂൾ, അമ്മ വയോജന കേന്ദ്രം എന്നിവിടങ്ങളിലും പ്രചാരണം നടത്തി.

ആരാധനാലയങ്ങളിൽ വോട്ട് തേടി കെ.എ. ഉണ്ണികൃഷ്ണൻ

എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ വെങ്ങോല ബസ്ത ഡയാലിസിസ് സെന്ററിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. താന്നിപ്പുഴ, ആന്റോപുരം, പുല്ലുവഴി, കുറുപ്പംപടി, രായമംഗലം തുടങ്ങിയ മേഖലകളിൽ ആരാധനാലയങ്ങൾ, ജംഗ്ഷനുകൾ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. ബി.ജെ.പി ദേശീയ സമിതി അംഗം പി.എം.വേലായുധൻ, ജില്ലാ കമ്മിറ്റി അംഗം ഒ.സി. അശോകൻ, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

പെരുമ്പാവൂരിൽ പര്യടനം നടത്തി ചാർളി പോൾ

ചാലക്കുടി ലോക്‌സഭാ മണ്ഡലം ട്വന്റി20 സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിന്റെ രണ്ടാംഘട്ട പര്യടനം പെരുമ്പാവൂർ നിയമസഭാ നിയോജക മണ്ഡലത്തിലെ രായമംഗലം, വേങ്ങൂർ, അശമന്നൂർ എന്നിവിടങ്ങളിൽ നടന്നു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പര്യടനം രാത്രി എട്ടുമണി വരെ നീണ്ടു.