
അങ്കമാലി: അങ്കമാലി സൗത്ത് വ്യവസായ മേഖലയിൽ മഠത്തിൽ ഇൻഡസ്ട്രീസ് എന്ന ബെഡ് നിർമ്മാണ കമ്പനിയിൽ സൂക്ഷിച്ചിരുന്ന സ്പോഞ്ച് കൂമ്പാരത്തിന് തീപിടിച്ചു. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം. ഗോഡൗണിൽ നിന്ന് തൊട്ടടുത്തുള്ള മെക്കാനിക്കൽ റൂമിലേക്കും തീ പടർന്ന് ആളിക്കത്തി. അങ്കമാലി സ്റ്റേഷൻ ഓഫീസർ കെ.എസ്.ഡിബിൻ, അസി. സ്റ്റേഷൻ ഓഫീസർ എൻ. ജിജി, ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി.ബി. സുനി എന്നിവരുടെ നേതൃത്വത്തിൽ അങ്കമാലി, പെരുമ്പാവൂർ, ആലുവ, ചാലക്കുടി ഫയർസ്റ്റേഷനുകളിലെ സേനാംഗങ്ങളുടെ ഒരു മണിക്കൂർ നേരത്തെ ശ്രമഫലമായാണ് തീ അണച്ചത്. അപകടത്തിൽ ആളപായമില്ല.