നെടുമ്പാശേരി: ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാക്കൾ റോഡിൽവച്ച് വീട്ടമ്മയെ ആക്രമിച്ച് മൂന്നുപവന്റെ മാല പൊട്ടിച്ചെടുത്തു. അത്താണി കല്പകനഗർ കിഴക്കേടത്തുവീട്ടിൽ ചന്ദ്രശേഖരന്റെ ഭാര്യ വത്സലകുമാരിയുടെ (65) മാലയാണ് നഷ്ടമായത്. കഴിഞ്ഞദിവസം വൈകിട്ട് മൂന്നോടെ അത്താണി കൽപ്പനഗർ റോഡിലായിരുന്നു സംഭവം. പാടത്ത് കെട്ടിയിരുന്ന പശുവിന് വെള്ളം കൊടുത്തശേഷം വീട്ടിലേക്ക് വരുമ്പോഴായിരുന്നു കവർച്ച. പിന്നിലൂടെ ബൈക്കിലെത്തിയ സംഘത്തിലെ ഒരാൾ അടുത്തെത്തി മതിലിനോട് ചേർത്തുനിറുത്തി കഴുത്തിൽ കുത്തിപ്പിടിച്ച് പിടിച്ച് മാല പൊട്ടിക്കുകയായിരുന്നു.

പിടിവലിക്കിടെ താഴെവീണ വത്സലകുമാരിയുടെ സാരി മോഷ്ടാവ് വലിച്ചുകീറി. റോഡിൽവീണ് കാലിനും കൈക്കും മുഖത്തും പരിക്കേറ്റു. കഴുത്തിൽ മാല വലിച്ചുപൊട്ടിച്ചതിന്റെ പാടുണ്ട്. വത്സലകുമാരി ഒച്ചവയ്ക്കുന്നതിനിടെ മോഷ്ടാക്കൾ മാലയുമായി ബൈക്കിൽ രക്ഷപ്പെട്ടു. നെടുമ്പാശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ വത്സലകുമാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.