
ആലുവ: ഓൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വൻതുക തട്ടിയ കേസിൽ രണ്ടുയുവാക്കളെ അറസ്റ്റുചെയ്തു. തൃപ്രയാർ കെ.കെ. കോംപ്ലക്‌സിൽ താമസിക്കുന്ന തോപ്പുംപടി പനയപ്പിള്ളി മൂൺപീസിൽ മുഹമ്മദ് നിജാസ് (25), വലപ്പാട് നാട്ടിക പൊന്തേരവളപ്പിൽ മുഹമ്മദ് സമീർ (34) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ല സൈബർ പൊലീസ് സ്റ്റേഷൻടീം പിടികൂടിയത്.
ആലുവ ചൂണ്ടി സ്വദേശിയിൽനിന്ന് 33.5 ലക്ഷത്തോളം രൂപയാണ് പിടികൂടിയവർ കണ്ണികളായിട്ടുള്ള വൻസംഘം തട്ടിയെടുത്തത്. അഞ്ച് ഇടപാടുകളിലൂടെയാണ് ഇയാൾ തുക നിക്ഷേപിച്ചത്. ആദ്യഗഡു നിക്ഷേപിച്ചപ്പോൾ ലാഭവിഹിതമെന്ന് പറഞ്ഞ് 5000രൂപ നൽകി. ഈ വിശ്വാസമാണ് തട്ടിപ്പുസംഘം മുതലെടുത്തത്.
സംഘത്തിലുള്ളവർ സമൂഹമാദ്ധ്യമത്തിൽ ബ്ലോക്ക് ട്രേഡിംഗ് അക്കാഡമി എന്ന ലിങ്കിലൂടെ 200ലേറെ അംഗങ്ങളുള്ള വാട്‌സാപ്പ് ഗ്രൂപ്പിലെത്തിക്കും. കമ്പനികളുടെ ഷെയർ വാങ്ങിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഗ്രൂപ്പ് അഡ്മിൻ നൽകും. ലാഭം കിട്ടിയവർ അവരുടെ അനുഭവങ്ങളും പോസ്റ്റ് ചെയ്യും. ഇതും തട്ടിപ്പുസംഘം തന്നെയാണ് ചെയ്യുന്നത്. ഗ്രൂപ്പിൽ ചാറ്റ് ചെയ്തപ്പോൾ കൂടുതൽ അറിയുന്നതിനെന്നുപറഞ്ഞ് സംഘം ടെലഗ്രാം ഐഡിയും നൽകി. എല്ലാ ദിവസവും 350 ശതമാനം ലാഭമാണ് വാഗ്ദാനം ചെയ്തിരുന്നത്. അതിനുശേഷം ബാങ്കിന്റെയും വ്യക്തിഗത വിവരങ്ങളും അയക്കുന്നതിന് ലിങ്കും നൽകി. കമ്പനിയുടെ പേരിലുള്ള വെബ്‌സൈറ്റിൽ അക്കൗണ്ടും അതിൽ അയക്കുന്ന തുകയും ലാഭവും രേഖപ്പെടുത്തിയിരുന്നു. പണം നിക്ഷേപിക്കുന്നതിന് വ്യത്യസ്ത അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത്. അതിലേക്കാണ് അഞ്ചു പ്രാവശ്യമായി ചൂണ്ടി സ്വദേശി തുക നൽകിയത്. ലാഭമായി വൻതുക ഉണ്ടെന്ന് പറഞ്ഞ് വീണ്ടും തുക നിക്ഷേപിക്കാൻ നിർബന്ധിച്ചപ്പോഴാണ് തട്ടിപ്പ് ബോദ്ധ്യമായത്. നിക്ഷേപിച്ച ലക്ഷങ്ങളും സംഘം പറഞ്ഞ ലാഭവും തിരികെ എടുക്കാൻ ശ്രമിച്ചപ്പോൾ കഴിയാതായതോടെ റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് പരാതി നൽകി.
ഇൻസ്‌പെക്ടർ വിപിൻദാസ്, എസ്.ഐ ആർ. അജിത്കുമാർ, എ.എസ്.ഐ ആർ. ഡെൽജിത്ത്, സീനിയർ സി.പി.ഒമാരായ പി.എം. തൽഹത്ത്, വികാസ് മണി, പി.എസ്. ഐനീഷ്, സി. നിഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.