vd-satheeshan

കൊച്ചി: രാഷ്ട്രപതിക്കും ഗവർണർക്കുമെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തിൽ മാത്രമുള്ള സി.പി.എം, കൊടിയുംചിഹ്നവും സംരക്ഷിക്കാനാണ് മത്സരിക്കുന്നത്. കേന്ദ്രം 57,600 കോടി തരാനുണ്ടെന്നാണ് പറഞ്ഞതെങ്കിലും കേസ് നൽകിയപ്പോൾ കടമെടുക്കാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. 13,700 കോടിരൂപ കോടതിയിൽ പോയില്ലെങ്കിലും കിട്ടും. കേന്ദ്രവുമായി സമരത്തിലാണെന്ന് കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സുപ്രീംകോടതിയെ സമീപിച്ചത്.

കോൺഗ്രസിന്റെ മയ്യത്തെടുക്കുമെന്നാണ് എ.കെ.ബാലൻ പറയുന്നത്. ബി.ജെ.പിയെ ഭയന്നാണ് സി.പി.എം നിൽക്കുന്നത്. അന്വേഷണം ഉണ്ടാക്കിയ അനിശ്ചിതത്വവും ഭയവും മൂലമാണ് പിണറായി വിജയൻ അനുയായികളെക്കൊണ്ട് ബി.ജെ.പിയെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകൾ പുറപ്പെടുവിപ്പിക്കുന്നത്. ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമെന്ന് അണികളെ ബോദ്ധ്യപ്പെടുത്തേണ്ട ഗതികേടിലേക്ക് സി.പി.എം നേതാക്കൾ അധ:പതിച്ചു.

തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ കഴുത്തുഞെരിച്ച് കൊല്ലുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന് പറയാൻ സർക്കാരിന് അധികാരമില്ല. അടുത്ത മാസം ശമ്പളം നൽകാൻപോലും സാധിക്കാത്ത ദയനീയ സ്ഥിതിയിലാണ് സംസ്ഥാനം.