കോലഞ്ചേരി: വാഹനങ്ങളുടെ ഹാൻഡ്ബ്രേക്ക് അത്ര നിസാരക്കാരനല്ല. ഹാൻഡ്ബ്രേക്ക് ഉപയോഗത്തിലെ ചെറിയ അശ്രദ്ധ വരുത്തിവയ്ക്കുന്നത് വലിയ ദുരന്തമാകും. ഇതുസംബന്ധിച്ച് പീരുമേട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.കെ. ദീപുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിക്കഴിഞ്ഞു. സ്വന്തം വാഹനം ദേഹത്ത് കയറിയിറങ്ങി കാസർകോഡ് എ.ആർ ക്യാമ്പിലെ അസിസ്റ്റന്റ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ പോത്താനിക്കാട് സ്വദേശി സജി മാത്യു മരിച്ച സംഭവമാണ് പോസ്റ്റിന് ആധാരം. ഹാൻഡ്ബ്രേക്കിന്റെ തെറ്റായ ഉപയോഗമാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. '

ഫേസ്ബുക്ക് പോസ്റ്റിന്റെ രത്നച്ചുരുക്കം:

'സ്വന്തം വാഹനം ദേഹത്ത് കയറിയ ആൾക്ക് ദാരുണാന്ത്യം' എന്ന തലക്കെട്ടോടെയുള്ള പത്രവാർത്ത വളരെ മാനസിക വിഷമത്തോടെയാണ് വായിച്ചത്. ഒരു വാഹനം നിറുത്തി ഡ്രൈവർ പുറത്തിറങ്ങുമ്പോൾ വണ്ടി മുന്നോട്ടോ പിന്നോട്ടോ ഉരുണ്ടുനീങ്ങി (പ്രത്യേകിച്ചും ചരിവുള്ള പ്രതലങ്ങളിൽ) അപകടമുണ്ടാകാതെ തടയുന്നത് ഹാൻഡ്ബ്രേക്കാണ്. ലിവർ മുകളിലേക്ക് വലിച്ച് ലോക്ക് ചെയ്യുമ്പോൾ വാഹനത്തിന്റെ പിൻചക്രത്തിലെ ബ്രേക്ക് പ്രവർത്തനക്ഷമമാക്കുന്നതാണ് ഇതിന്റെ ജോലി. പാർക്കിംഗ് ബ്രേക്ക് ലിവറിന്റെ ഭാഗമായ റാച്ചറ്റ് സംവിധാനമാണ് ലിവറിനെ യഥാസ്ഥാനത്ത് പിടിച്ചുനിർത്തുന്നത്. ചിലർ ലിവറിന് മുകളിലുള്ള നോബ് ഞെക്കിപ്പിടിച്ച് ലിവർ മുകളിലേക്ക് ഉയർത്തുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ബ്രേക്ക് ശരിയായി ലോക്കാകില്ല. ബ്രേക്ക് റിലീസ് ചെയ്യുമ്പോഴാണ് ലിവറിന്റെ മുകളിലെ നോബ് പ്രസ് ചെയ്യേണ്ടത്. ലിവർ മുകളിലേക്ക് വലിക്കുമ്പോൾ 'ടിക് ടിക്' ശബ്ദം കേൾക്കുന്നത് ശ്രദ്ധിക്കുമല്ലോ. റാച്ചറ്റിന്റെ ടീത്തിൽ ലോക്ക് ആകുന്ന ശബ്ദമാണിത്. സാധാരണയായി 4 മുതൽ 9 വരെ 'ടിക്'ശബ്ദമാണ് വാഹന നിർമ്മാതാക്കൾ നിഷ്‌കർഷിക്കുന്നത്. ലിവർ വലിക്കുമ്പോൾ ഇതിൽ കൂടുതൽ തവണ 'ടിക്'ശബ്ദം കേട്ടാൽ ഹാൻഡ്ബ്രേക്ക് അഡ്ജസ്റ്റ് ചെയ്യാറായി എന്ന് മനസിലാക്കാം. വാഹനം നിറുത്തി പുറത്തിറങ്ങും മുൻപ് ഗിയറിൽ ഇടാനും മറക്കരുത്. വാഹനം ന്യൂട്രൽ പൊസിഷനിൽ ആണെങ്കിൽ പോലും പാർക്കിംഗ് ബ്രേക്ക് ശരിയായി പ്രവർത്തിപ്പിച്ചിട്ടുണ്ടെങ്കിൽ സുരക്ഷ ഉറപ്പുവരുത്താം.