മട്ടാഞ്ചേരി: വർണ്ണങ്ങളുടെ ഉത്സവമായ ഹോളി ആഘോഷമാണിന്ന്. തിങ്കൾ, ചൊവ്വ ദിനങ്ങളിലാണ് ഹോളി. വർണങ്ങൾ വാരി പൂശിയും കളർ വെള്ളം കോരി ഒഴിച്ചും ഹോളികയെ കത്തിച്ചുള്ള പ്രതീകാത്മക ഹോളിയാണ് കൊച്ചിയിലൊരുക്കുന്നത്. വടക്കേയിന്ത്യൻ സമൂഹത്തോടോപ്പം ഗോവൻ കൊങ്കണികളും കന്നഡ തുളു ബ്രാഹ്മണരും തമിഴ് നാട്ടുകാർക്കുമൊപ്പം മലയാളികളും വിനോദസഞ്ചാരികളും പങ്കെടുക്കുന്നതോടെ ഹോളിയാഘോഷത്തിന് ഉത്സവഛായ പകരും. ദേശ, ഭാഷാ, വ്യത്യാസമന്യേയുള്ള ഹോളി ആഘോഷത്തിൽ പങ്കെടുക്കുവാൻ അന്യദേശങ്ങളിൽ നിന്ന് കൊച്ചിക്കാർ നാട്ടിലെത്തും. അധർമ്മത്തിനെതിരായ ധർമ്മികതയുടെ വിജയാഹ്ലാദമാണ് ഹോളി. പ്രഹ്ലാദനെ സ്നേഹവാത്സല്യത്തോടെ വൈക്കോൽ കുനയിലെത്തിച്ച് അഗ്നിക്കിരയാക്കാനുള്ള ശ്രമത്തിൽ ഹിരണാക്ഷ്യ സഹോദരി ഹോളിക അഗ്നിക്കിരയാകുകയും ഭക്ത പ്രഹ്ലാദൻ രക്ഷപ്പെടുകയും ചെയ്തതിന്റെ സ്മൃതിയുമായാണ് ഹോളി ആഘോഷം.
ഗുജറാത്തി റോഡ്, പാലാസ് റോഡ് , ചെറളായി അമരാവതി, ദ്രോണാചാര്യ, മുണ്ടംവേലി, നേവൽ ബേസ്, കഠാരി ഭാഗ്, ടി.ഡി.റോഡ് തുടങ്ങി വിവിധ കേന്ദ്ര ങ്ങളിൽ ആഘോഷമുണ്ടാകും.