
കൊച്ചി: രാത്രിയും ഉണർന്നിരിക്കുന്ന കൊച്ചിയുടെ രാവുകൾക്ക് റസ്റ്റോബാറുകൾ നിറമേകുകയാണ്. നഗരത്തിൽ റസ്റ്റോബാറുകളുടെ എണ്ണം വർദ്ധിക്കുകയാണ്. ഭക്ഷണവും മദ്യവും സംഗീതവും നൃത്തവും ഒരേ സമയം ആസ്വദിക്കാവുന്ന റസ്റ്റോറന്റും ബാറും ചേർന്ന സംവിധാനമാണ് റെസ്റ്റോബാർ. നിലവിലെ ബാർ ഹോട്ടലുകൾ തന്നെയാണ് റെസ്റ്റോബാറുകളും ഒരുക്കുന്നത്.
കുറഞ്ഞ നാളുകൾ കൊണ്ട് ഈ ബാറുകളിൽ സ്ത്രീകളും കുടുംബങ്ങളും ഉൾപ്പെടെയുള്ള ഉപഭോക്താക്കളായെത്തി. നല്ല സർവീസും സുരക്ഷിതത്വവും ഉറപ്പുമുള്ള ഇടങ്ങളിലാണ് തിരക്കേറെയും.
റസ്റ്റോബാറിനായി പ്രത്യേകം സംവിധാനങ്ങൾ ഒരുക്കി മുഖം മാറുകയാണ് ബാർ ഹോട്ടലുകൾ. മദ്യം വിളമ്പുന്ന റസ്റ്റോറന്റിനും പുൽത്തകിടിക്കും മറ്റും എക്സൈസ് വകുപ്പിൽ നിന്ന് പ്രത്യേക ഫീസ് അടച്ച് അനുമതി വാങ്ങണം.
എറണാകുളം നഗരത്തിൽ മാത്രം ഡസനിലേറെ റസ്റ്റോബാറുകൾ പ്രവർത്തിക്കുന്നു.
ഐ,ടി.കേന്ദ്രമായ കാക്കനാടെ ചില ബാറുകളിലും സംവിധാനം ഹിറ്റാണ്. എറണാകുളത്തെ കൂടുതൽ പ്രമുഖ ബാർ ഹോട്ടലുകൾ റസ്റ്റോബാറുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ്. കെ.ടി.ഡി.സിയുടെ കീഴിൽ ബിയർ പാർലർ ലൈസൻസ് മാത്രമുള്ള എറണാകുളം ബോൾഗാട്ടി പാലസ് ഹോട്ടലും ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കായലിന് നടുവിലെ മനോഹരമായ ഇവിടം ധാരാളം പേരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.
11 മുതൽ 11 വരെ
സാധാരണ ബാർ ഹോട്ടലുകളുടേത് പോലെ തന്നെ രാവിലെ 11 മുതൽ രാത്രി 11 വരെ തന്നെയാണ് റസ്റ്റോബാറുകളുടെയും പ്രവർത്തനം. മുമ്പ് ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് മദ്യപിക്കണമെങ്കിൽ റസ്റ്റോറന്റിൽ നിന്ന് ബാറിലേക്ക് പോകണമായിരുന്നു. ഇത് ഒഴിവാകും.
ശാന്തമായ അന്തരീക്ഷത്തിൽ ഭക്ഷണവും ആവശ്യമുള്ളവർക്ക് മദ്യവും കഴിക്കാമെന്ന റസ്റ്റോബാറിന്റെ സൗകര്യമാണ് കൂടുതൽ പേരെ ആകർഷിക്കുന്നത്. ചില റസ്റ്റോബാറുകളിൽ സപ്ളയർമാരായി സ്ത്രീകളും ജോലി ചെയ്യുന്നുണ്ട്.
മികച്ച സേവനവും സൗകര്യങ്ങളും നൽകിയെങ്കിലേ പുതിയ കാലത്ത് ബാർ ഹോട്ടലുകൾക്ക് നിലനിൽക്കാനാകൂ. പുതിയ തലമുറയും വിദേശത്തും വൻനഗരങ്ങളിൽ ജീവിച്ചവരും മാത്രമല്ല കേരളത്തിൽ ജീവിക്കുന്ന കൂടുതൽ ആളുകളും റസ്റ്റോബാറുകളിലെ സേവനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ബാർ ഹോട്ടൽ എന്നാൽ മദ്യപന്മാർക്ക് മാത്രമുള്ള ഇടമെന്ന സങ്കല്പം മാറണം.
സ്ക്വാഡ്രൺ ലീഡർ (റിട്ട.) കെ.ബി.പത്മദാസ്
സെക്രട്ടറി
കേരള ബാർ ഹോട്ടൽ അസോസിയേഷൻ