pall

കൊച്ചി: ഓശാന ഞായർ ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ച് വിശ്വാസികൾക്ക് ആശംസകൾ നേരാനും വോട്ട് അഭ്യർത്ഥിക്കാനും ചാലക്കുടിയിലെ മൂന്നു മുന്നണി സ്ഥാനാർത്ഥികളും സമയം കണ്ടെത്തി.

 രവീന്ദ്രനാഥ് ആലുവയിൽ

എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് ചൂർണിക്കര, എടത്തല, ചെങ്ങമനാട്, നെടുമ്പാശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തുകൾ, ആലുവ നഗരസഭ എന്നിവിടങ്ങൾ സന്ദർശിച്ചു. ആരാധാനാലയങ്ങളിലും മഠങ്ങളിലും വൈദികരോടും വിശ്വാസികളോടും വോട്ട് തേടി. മുൻമന്ത്രി ടി.എച്ച്. മുസ്തഫയുടെ ആലുവ ചാലക്കലിലെ വീട്ടിൽ മകൻ ടി.എം. ഷൗക്കത്തലിയെ കണ്ട് വോട്ടഭ്യർത്ഥിച്ചു.

കപ്രശേരിയിലെത്തിയ സ്ഥാനാർത്ഥി കേന്ദ്രീയ സംസ്‌കൃത സർവകലാശാലയിൽ നിന്ന് എം.എ. സംസ്‌കൃതത്തിൽ സ്വർണ മെഡൽ നേടിയ പാർവതി മനോജിനെ അനുമോദിച്ചു.

മനക്കപ്പടി, മനക്കത്താഴം ബൂത്ത് കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനവും നിർവഹിച്ചു.

ബെന്നി ബഹനാനും ആലുവയിൽ

യു.ഡി.ഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ആലുവ മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. വാഴക്കുളം, തോട്ടക്കാട്ടുകര, കീഴ്മാട്, ചൂർണിക്കര, എടത്തല സെൻട്രൽ ഭാഗങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. നോർത്ത് വാഴക്കുളം മണ്ഡലം കൺവെൻഷനിലും പങ്കെടുത്തു. തോട്ടക്കാട്ടുക്കര ജുമാ മസ്ജിദ്, മംഗലപ്പുഴ സെമിനാരി, തോട്ടക്കാട്ടുക്കര ഹോളി ഘോസ്റ്റ് മഠം, കോളനിപ്പടി നസ്രത്ത് ജനറലേറ്റ് മഠം, കാർമൽ മഠം തുടങ്ങിയവയും സന്ദർശിച്ചു.

ഉണ്ണിക്കൃഷ്ണൻ പെരുമ്പാവൂരിൽ

നരേന്ദ്രമോദി സർക്കാർ നൽകിയ കരുതൽ ജനങ്ങളോട് അവതരിപ്പിച്ചാണ് എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ പര്യടനം നടത്തിയത്. പെരുമ്പാവൂർ വെങ്ങോല ബസ്ത ഡെയാലിസിസ് സെന്ററിൽ ആരംഭിച്ച പര്യടനം താന്നിപ്പുഴ, ആന്റോപുരം, പുല്ലുഴി, കറുപ്പംപടി, രായമംഗലം മേഖലകളിലെത്തി. ആരാധനാലയങ്ങൾ, ജംഗ്ഷനുകൾ എന്നിവിടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. ഇന്ന് പെരുമ്പാവൂർ, ആലുവ, അങ്കമാലി മണ്ഡലങ്ങളിൽ പ്രധാനവ്യക്തികളെ സന്ദർശിക്കും. കുടുംബസംഗമങ്ങളിലും പങ്കെടുക്കും.