ആലുവ: സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിൽ മാത്രം സഭാ സിനഡും, മാർപാപ്പയും അംഗീകരിച്ച എകീകൃത കുർബാന നടപ്പാക്കാത്തത് അധികാരികളുടെ വീഴ്ച്ചയെന്ന് ഫാദർ ജോർജ് നെല്ലിശ്ശേരി. ആലുവ സെന്റ് ഡൊമിനിക് ഇടവകയിൽ വിശ്വാസി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാർപ്പാപ്പയെയും തിരുസഭ ചട്ടങ്ങളെയും ധിക്കരിച്ചും, കോടതി വിധികളെ അവഗണിച്ചും ഒരു വിഭാഗം വിമത വൈദീകർ നടത്തുന്ന പ്രവർത്തനങ്ങൾ സഭാ വിശ്വാസികൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് തോമാച്ചൻ കൊരട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. മാർ തോമ നസ്രാണി സംഘം സംസ്ഥാന സെക്രട്ടറി ജോമോൻ ആരക്കുഴ മുഖ്യപ്രഭാഷണം നടത്തി. റോബിൾ മാത്യു, രക്ഷാധികാരി ബേബി പാറക്കൽ, തങ്കച്ചൻ പെരുമണ്ണിൽ, ബോബി തളിയത്ത് എന്നിവർ പങ്കെടുത്തു.