കോലഞ്ചേരി: ബക്രീദും തിരഞ്ഞെടുപ്പും പ്രമാണിച്ച് ഭായിമാർ കൂട്ടത്തോടെ നാട്ടിലേയ്ക്ക് പോകുമ്പോൾ വിവിധ മേഖലകളിൽ ആൾക്ഷാമം. കൂലിപണിക്ക് മുതൽ ചെറുകിട കമ്പനികളും പ്ളൈവുഡ്, കെട്ടിട നിർമ്മാണ മേഖലയിലും ഹോട്ടൽ, റസ്റ്റോറന്റുകളിലും ആളെ കിട്ടാത്ത അവസ്ഥയുണ്ട്. കർഷകരും ആശങ്കയിലാണ്.
വോട്ടു ചെയ്യാൻ എത്താനുള്ള കർശന നിർദ്ദേശമാണ് നാട്ടിൽ നിന്നും അവരെ തേടിയെത്തുന്നത്. വലിയ ഓഫറുകളും ഉണ്ടത്രെ. അസം, ബംഗാൾ, ബീഹാർ നിന്നുള്ളവരാണ് പോകുന്നതിലധികവും. വോട്ട് ചെയ്യാനെത്തിയില്ലെങ്കിൽ റേഷൻ കാർഡിൽ നിന്നും പേരൊഴിവാക്കും എന്നടക്കമാണ് ഭീഷണി. ചെല്ലുന്നവർക്ക് ട്രെയിൻ ടിക്കറ്റടക്കം വിവിധ മുന്നണികൾ നല്കുന്നുണ്ട്. നാളെ മുതൽ ഈ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിൽ എല്ലാം തന്നെ ബൾക്ക് ടിക്കറ്റ് ബുക്കിംഗും വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയിട്ടുണ്ട്. എല്ലാ വർഷവും ബക്രീദിന് നാട്ടിൽ പോകുന്നതാണ് മിക്ക ഭായിമാരുടെയും രീതി. ഇക്കുറി തിരഞ്ഞെടുപ്പ് കഴിയാതെ തിരിച്ചു വരില്ലെന്നാണ് ഇവർ തൊഴിലുടമകളെ അറിയിച്ചിരിക്കുന്നത്.
വെട്ടിലായി പൈനാപ്പിൾ കർഷകർ
ഇവരുടെ പോക്ക് കൂടുതൽ ബാധിക്കുന്നത് പൈനാപ്പിൾ കർഷകരെയാണ്. ഇരുപതിനായിരത്തിലധികം അന്യ സംസ്ഥാന തൊഴിലാളികളാണ് ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രം പൈനാപ്പിൾ കൃഷി രംഗത്ത് ജോലി ചെയ്യുന്നത് മൂവാറ്റുപുഴ, പെരുമ്പാവൂർ മേഖലയിൽ നിന്ന് അഞ്ഞൂറോളം പേരാണ് ഇന്നലെ മാത്രം നാടുകളിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂവായിരത്തോളം പേർ പോയിട്ടുണ്ട് .
നെൽകൃഷിക്ക് ബംഗാളികൾ
വർഷങ്ങളായി നെൽകർഷകർ നിലമൊരുക്കാനും ഞാറ് നടീലിനുമൊക്കെ ആശ്രയിക്കുന്നത് പശ്ചിമബംഗാൾ സ്വദേശികളെയാണ്. ഒരേക്കർ വയലിൽ ഞാറ് പറിച്ചുനടുന്നതിന് അന്യ തൊഴിലാളികൾക്ക് 5000- 5500 രൂപ മാത്രമേ കൂലിയുള്ളൂ. ചെറിയ സംഘങ്ങളായെത്തുന്ന ഇവർ മൂന്നോ നാലോ മണിക്കൂറുകൊണ്ട് പണി തീർത്തുപോകും. തദ്ദേശീയരായ സ്ത്രീ തൊഴിലാളികളാണെങ്കിൽ 18 മുതൽ 22 പേർ ഒരു ദിവസം മുഴുവൻ പണിയെടുത്താലാണ് ഈ ജോലി തീർക്കുകയെന്ന് കർഷകർ പറയുന്നു. ഒരാൾക്ക് 400 450 രൂപ കൂലിയും ചെലവും നൽകണം.
നെൽക്കൃഷിക്ക് നല്ല കാലം !
തൊഴിലാളി ക്ഷാമവും അമിത കൂലിയും അധികച്ചെലവുമെല്ലാം നെൽക്കൃഷിയിൽ നിന്ന് കർഷകരെ അകറ്റി തുടങ്ങിയപ്പോഴാണ് അനുഗ്രഹമായി അന്യസംസ്ഥാന തൊഴിലാളികളെത്തിയത്. പരമ്പരാഗത കർഷക തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ചുവടുമാറിയതോടെയാണ് ഞാറ് നടീലിനും കൊയ്ത്തിനുമെല്ലാം അന്യസംസ്ഥാനക്കാരായ കർഷകരെ ആശ്രയിക്കാൻ തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഇവരെ പാടത്ത് പണിക്കിറക്കിയതെങ്കിലും പ്രതീക്ഷകൾക്ക് അപ്പുറത്തായിരുന്നു അവരുടെ വൈദഗ്ദ്ധ്യം. നാട്ടിലെ തൊഴിലാളികൾക്ക് കൊടുക്കുന്നതിന്റെ പകുതി കൂലിയും നാലിലൊന്ന് സമയവും കൊണ്ട് ഭംഗിയായി നടീൽ പൂർത്തിയാക്കിയാണ് നെൽകർഷക
രെ ഇവർ ഞെട്ടിച്ചത്.