ആലുവ: 37.25 കോടി രൂപ ചെലവിൽ ആലുവയിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിനുള്ള സാങ്കേതികകുരുക്കുകൾ നീങ്ങുന്നു. നിലവിലെ മൂന്ന് കോടതികളും ഇ.എസ്.ഐ റോഡിലെ ബി.എസ്.എൻ.എൽ കെട്ടിടത്തിലേക്ക് മാറ്റാൻ കരാറായി. പി.ഡബ്ളിയു.ഡി ജുഡീഷ്യറി വിംഗ് തയ്യാറാക്കിയ പുതുക്കിയ രൂപരേഖ അന്തിമാനുമതിക്കായി ഹൈക്കോടതിക്കും കൈമാറി.
ബി.എസ്.എൻ.എൽ കെട്ടിടത്തിലേക്ക് മാറേണ്ട രണ്ട് മജിസ്ട്രേറ്റ് കോടതികൾക്കും ഒരു മുൻസിഫ് കോടതിക്കും ആവശ്യമായ സൗകര്യങ്ങൾ പി.ഡബ്ളിയു.ഡി ഒരുക്കണം. പരമാവധി രണ്ട് മാസത്തിനകം കോടതി മാറുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനിടെ പുതുക്കിയ രൂപരേഖ ഹൈക്കോടതി അംഗീകരിച്ചാൽ നിലവിലെ കെട്ടിടം പൊളിച്ചുനീക്കി പുതിയതിന്റെ നിർമ്മാണം ആരംഭിക്കും.
നിലവിലെ കോടതി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രണ്ട് മജിസ്ട്രേറ്റ് കോടതികളിലെയും മുൻസിഫ് കോടതിയിലെയും ജഡ്ജിമാർ പ്രത്യേകമായിട്ടാണ് ബി.എസ്.എൻ.എല്ലുമായി കരാർ ഒപ്പുവച്ചത്. അയ്യായിരത്തിലേറെ ചതുരശ്രഅടി വിസ്തീർണമാണ് മൂന്ന് കോടതികൾക്കുമായുള്ളത്. പോക്സോ കോടതി സീനത്ത് കവലയിലും കുടുംബകോടതി മുനിസിപ്പൽ ഓഫീസിന് എതിർവശത്തും സ്വകാര്യ കെട്ടിടത്തിൽ വാടകയ്ക്കാണ് പ്രവർത്തിക്കുന്നത്.
അഞ്ചുനില കെട്ടിടം നാലുനിലയായി ചുരുങ്ങി
അഞ്ചുനില കെട്ടിടം നിർമ്മിക്കാനാണ് ഹൈക്കോടതി രൂപരേഖ തയ്യാറാക്കിയതെങ്കിലും ജയിൽ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് നാലുനിലയാക്കി ചുരുക്കിയത്. ഈ രൂപരേഖയാണ് ഹൈക്കോടതിയുടെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുള്ളത്. നിർദ്ദിഷ്ട കെട്ടിടത്തിൽ നിന്ന് നോക്കിയാൽ റോഡിന് എതിർവശത്തെ സബ് ജയിൽ വളപ്പ് കാണാനാകാത്തവിധം നിർമ്മിക്കണമെന്ന ഉപാധിയും പുതിയ രൂപരേഖയിൽ പരിഗണിച്ചിട്ടുണ്ട്. ആലുവ കോടതിയുടെ നിർമ്മാണ ചുമതലയുള്ള ജില്ലാ ജഡ്ജി ഹണി എം. വർഗീസിന്റെ നേതൃത്വത്തിലാണ്
നടപടികൾ പുരോഗമിക്കുന്നത്.
പുതിയ കെട്ടിടത്തിൽ ആറ് കോടതികൾ
നിർദ്ദിഷ്ട കെട്ടിടത്തിൽ രണ്ട് മജിസ്‌ട്രേറ്റ് കോടതികൾ, ഒന്ന് വീതം മുൻസിഫ് കോടതി, കുടുംബകോടതി, പോക്‌സോ കോടതി, എം.എ.സി.ടി കോടതി എന്നിവയുണ്ടാകും. നിലവിലെ കോടതി കെട്ടിടവും ക്വാർട്ടേഴ്‌സും സ്ഥിതി ചെയ്യുന്ന 85.593 സെന്റ് സ്ഥലത്താണ് പുതിയത് നിർമ്മിക്കുന്നത്. രണ്ട് വർഷം മുമ്പാണ് കോടതി സമുച്ചയ നിർമ്മാണത്തിന് സർക്കാർ പണം അനുവദിച്ചത്.