 
മൂവാറ്റുപുഴ: ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോയ്സ് ജോർജ് ഇന്ന് മൂവാറ്റുപുഴയിൽ പര്യടനം നടത്തും. രാവിലെ 7ന് മൂവാറ്റുപുഴ നഗരസഭയ്ക്ക് മുന്നിൽ നിന്ന് പര്യടനം ആരംഭിക്കും. തുടർന്ന് പായിപ്ര, മുളവൂർ, വാളകം, മാറാടി, അടുപറമ്പ്, ആനിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിൽശാലകൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തും.
വൈകിട്ട് 5.30ന് ആനിക്കാട് ചെങ്ങറ കോളനി, മൂവാറ്റുപുഴ ഹൗസിംഗ് ബോർഡ്, പായിപ്ര, മനാറി എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും ജോയ്സ് ജോർജ് പങ്കെടുക്കുമെന്ന് മൂവാറ്റുപുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൽദോ എബ്രഹാം അറിയിച്ചു.
യു.ഡി.എഫ് ഓഫീസ് ഉദ്ഘാടനം
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് മൂവാറ്റുപുഴ നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു. മൂവാറ്റുപുഴ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിന് എതിർവശത്തെ ഓഫീസ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എം.എൽ.എ, പി.എം അമീർ അലി, കെ.എം സലിം, കെ.എം അബ്ദുൾ മജീദ്, എസ് .അശോകൻ, സാബു ജോൺ, സുഭാഷ് കടയ്ക്കോട്, പി.പി. എൽദോസ്, റെജി ജോർജ്, റോയി കെ. പൗലോസ്, ഉല്ലാസ് തോമസ്, പായിപ്ര കൃഷ്ണൻ, കെ.ജി. രാധാകൃഷ്ണൻ, എം.എസ്. സുരേന്ദ്രൻ, ടോമി പാലമല തുടങ്ങിയവർ സംസാരിച്ചു. പി.എം.അമീർ അലി ചെയർമാനും കെ.എം. സലിം ജനറൽ കൺവീനറുമായി തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു.