കൊച്ചി: ഓശാന ഞായർ ദിനത്തിൽ പള്ളികളിൽ കുർബാനയിൽ പങ്കെടുത്തായിരുന്നു സ്ഥാനാർത്ഥികളുടെ ഇന്നലത്തെ പ്രചാരണം.
എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ (കപ്പൽ പള്ളി) പള്ളിയിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ നേതൃത്വം കൊടുത്ത കുർബാനയിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ ഭാര്യയ്ക്കൊപ്പം പങ്കെടുത്തത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ പറവൂർ സെന്റ് ജോസഫ് കൊത്തെലെൻഗോ പള്ളിയിലെത്തി കുർബാന കൂടി. കുരുത്തോല പ്രദക്ഷിണത്തിലും പങ്കെടുത്തു.
കുർബാനയ്ക്ക് ശേഷം ഹൈബി ഈഡന്റെ പറവൂർ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനം വരാപ്പുഴ മുട്ടിനകത്ത് നിന്നാരംഭിച്ചു. മുട്ടിനകത്തും പുത്തൻപള്ളിയിലും ആരാധനാലയങ്ങൾ, അനാഥാലയങ്ങൾ, ഓൾഡ് ഏജ് ഹോമുകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പമായിരുന്നു ഹൈബി ഈഡന്റെ ഇന്നലത്തെ പ്രചാരണം. വരാപ്പുഴ, പറവൂർ, കൊട്ടുവള്ളി എന്നിവിടങ്ങളിലെ വിവിധ മത, സാമുദായിക നേതാക്കൾ, വിവിധ സംഘടനകളുടെ ഭാരവാഹികൾ എന്നിവരെ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു.
ഡോൺ ബോസ്‌കോ നഴ്‌സിംഗ് സ്‌കൂൾ വിദ്യാർത്ഥികളുമായി ഹൈബി സംവദിച്ചു. പ്രമുഖരെ കണ്ട് അനുഗ്രഹം വാങ്ങി. ഉത്തരേന്ത്യൻ സമൂഹം സംഘടിപ്പിച്ച ഹോളി ആഘോഷങ്ങളിൽ പങ്കെടുത്താണ് പ്രചാരണം അവസാനിപ്പിച്ചത്.