ആലുവ: ദേശീയപാതയിൽ തോട്ടക്കാട്ടുകര കവല അപകടകേന്ദ്രമാകുന്നു. അങ്കമാലി ഭാഗത്തു നിന്ന് വരുന്ന ഇരുചക്ര വാഹനങ്ങളും കാറുകളും തോട്ടക്കാട്ടുകരയിലെ ട്രാഫിക്ക് സിഗ്നൽ ഒഴിവാക്കാൻ പറവൂർ കവലയിൽ നിന്ന് സർവീസ് റോഡിലൂടെ തിരികെ ദേശീയപാതയിലേക്ക് കയറുന്നതാണ് അപകടത്തിന് വഴിവെക്കുന്നത്.
തോട്ടക്കാട്ടുകര സിഗ്നൽ കഴിഞ്ഞ് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ സർവീസ് റോഡിൽ നിന്ന് വാഹനങ്ങൾ പ്രവേശിക്കുന്നത് അപകടത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുകയാണ്. മാത്രമല്ല, മണപ്പുറത്തു നിന്ന് കടുങ്ങല്ലൂർ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നു.
നേരത്തെ സർവീസ് റോഡ് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ച് പൊലീസ് ഇവിടെ അറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. റോഡിൽ ബാരിക്കേഡ് സ്ഥാപിക്കുകയും ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇവിടെ നിയന്ത്രണ സംവിധാനങ്ങളൊന്നും തന്നെയില്ല. രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ നിയമം ലംഘിക്കുന്ന വാഹനങ്ങൾ കൂട്ടമായി എത്തുമ്പോൾ അപകടസാദ്ധ്യതയും ഗതാഗതകുരുക്കും കൂടുതൽ വർദ്ധിക്കുകയാണ്. പ്രശ്നപരിഹാരത്തിന് പൊലീസ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.