
കെ.എസ്. രാധാകൃഷ്ണൻ
കൊച്ചി: അക്കാഡമീഷ്യൻ, എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനാണ് സൗത്ത് ചിറ്റൂർ കല്ലുമഠത്തിൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ (70). ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി.
എറണാകുളം മഹാരാജാസ് കോളേജിലെ മുൻ ഫിലോസഫി അദ്ധ്യാപകൻ, 2004-2008ൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ, 2010-16ൽ പി.എസ്.സി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്ഥാനത്തെ വിവിധ സർക്കാർ കോളേജുകളിൽ 24 വർഷം സേവനമനുഷ്ഠിച്ചു. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവിധ ക്രിസ്ത്യൻ സെമിനാരികളിലും മദ്രസകളിലും ആശ്രമങ്ങളിലും മർക്കസുകളിലും അദ്ധ്യാപകനായിരുന്നു. 1954ൽ എറണാകുളം മുളവുകാട്ട് മുക്കുവ കുടുംബത്തിലാണ് ജനനം. അച്ഛൻ: കെ.എ. സുകുമാരൻ. അമ്മ: ലക്ഷ്മിക്കുട്ടി. ഭാര്യ: ശ്രീകുമാരി. മക്കൾ: അശ്വതി. രേവതി.
കെ. സുരേന്ദ്രൻ
2020 ഫെബ്രുവരി മുതൽ ബിജെപി കേരള ഘടകംഅദ്ധ്യക്ഷനാണ് . കോഴിക്കോട് ഉള്ളിയേരിയിലെ കർഷക കുടുംബമായ കുന്നുമ്മൽ വീട്ടിൽ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനായി 1970 മാർച്ച് 10ന് ജനിച്ചു. സ്കൂൾ പഠനകാലത്ത് എബിവിപിയിലൂടെ പൊതു രംഗത്ത്. രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഭാരതീയ ജനതാ യുവമോർച്ച. വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. ലോക്സഭയിലേക്ക് കാസർകോട് മണ്ഡലത്തിൽ നിന്നും , നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണ വീതം മത്സരിച്ചു. മഞ്ചേശ്വരത്ത് 89 വോട്ടിനാണ് ആദ്യം പരാജയപ്പെട്ടത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മൂന്ന് ലക്ഷത്തോളം വോട്ടും.. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ നാൽപതിനായിരത്തോളം വോട്ടും പിടിച്ചു. ഷീബയാണ് ഭാര്യ. ഹരികൃഷ്ണൻ, ഗായത്രി എന്നിവർമക്കൾ.
ഡോ. ടി.എൻ. സരസു
പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ റിട്ട. പ്രിൻസിപ്പാലാണ് കൊടുങ്ങല്ലൂർ ശാന്തിപുരം എ.കെ.ജി നഗർ പണിക്കവീട്ടിൽ ഡോ. ടി.എൻ. സരസു (65). ഭർത്താവ് അജയകുമാർ. 2016ൽ വിക്ടോറിയ കോളേജിൽ നിന്ന് വിരമിക്കുന്ന ദിവസം എസ്.എഫ്.ഐയും ഇടത് അനുകൂല അദ്ധ്യാപക സംഘടനകളും ചേർന്ന് ടീച്ചർക്ക് ശവക്കല്ലറയൊരുക്കിയത് വിവാദമായിരുന്നു. തുടർന്നാണ് ബി.ജെ.പിയിൽ ചേർന്നത്. കൊടുങ്ങല്ലൂർ, തൃത്താല ഗവ. കോളേജുകളിലും പ്രവർത്തിച്ചിട്ടുണ്ട്. 23 കൊല്ലം വിക്ടോറിയ കോളേജിൽ എൻ.സി.സി ഓഫീസറായിരുന്നു. രക്തദാനം, വന, ജല സംരക്ഷണം തുടങ്ങി സേവനപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കവിതയും കഥയും എഴുതാറുണ്ട്. നിലവിൽ സേവാഭാരതി അംഗമാണ്.