കൊച്ചി: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ, കെ.എസ്. രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായതോടെ എറണാകുളത്ത് ഒരുങ്ങുന്നത് ശക്തമായ ത്രികോണ മത്സരം. എറണാകുളം സ്വദേശിയും വിപുലമായ ബന്ധങ്ങളുള്ളയാളുമാണ് കെ.എസ്. രാധാകൃഷ്ണൻ. വലിയ ശിഷ്യ സമ്പത്തും സാഹിത്യ - രാഷ്ട്രീയ മേഖലകളിൽ വലിയ വ്യക്തിബന്ധവും അദ്ദേഹത്തിനുണ്ട്. 1972- 79ൽ മഹാരാജാസ് കോളേജിൽ പ്രിഡിഗ്രി മുതൽ എം.എ വരെ പഠിച്ചു. കോൺഗ്രസ് പ്രവർത്തകനായിരുന്ന രാധാകൃഷ്ണൻ 2019ലാണ് ബി.ജെ.പിയിൽ ചേർന്നത്.

1994ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലെ അദ്വൈതദർശനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. നൂറിലേറെ ഗവേഷണ പ്രബന്ധങ്ങൾക്ക് ഉടമയാണ്.
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ന്യൂഡൽഹി ഇന്ത്യൻ കൗൺസിൽ ഒഫ് ഫിലോസിഫിക്കൽ റിസർച്ച്, ന്യൂഡൽഹി ഇന്ത്യൻ കൗൺസിൽ ഒഫ് വേൾഡ് അഫയേഴ്‌സ് എന്നിവിടങ്ങളിൽ ഗവേണിംഗ് കൗൺസിൽ അംഗമായി പ്രവർത്തിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ ഗാന്ധിയൻ ചെയറിന്റെ ഗവേണിംഗ് ബോഡി അംഗമായിരുന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ (യു.ജി.സി) വിവിധ കമ്മിറ്റികളിൽ വിദഗ്ദ്ധ സമിതി അംഗമായി പ്രവർത്തിച്ചു. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.