y
കുംഭപ്പിള്ളി മീനപ്പൂര മഹോത്സവത്തിനോട് അനുബന്ധിച്ച് കുമാരി മുക്കോട്ടത്തിന്റെ നേതൃത്വത്തിൽ മുന്നൂറോളം കലാകാരികളെ അണിനിരത്തിയ മെഗാ തിരുവാതിര

ചോറ്റാനിക്കര: കുംഭപ്പിള്ളി മീനപ്പൂര മഹോത്സവത്തിന് മുന്നൂറോളം കലാകാരികളുടെ മെഗാ തിരുവാതിര അരങ്ങേറി. ആദികാവ്യമായ രാമായണത്തിൽ നിന്നും ചിട്ടപ്പെടുത്തിയ തിരുവാതിരയിൽ ഏഴു മുതൽ 80 വയസ്സുള്ളവരടക്കം മുന്നൂറോളം കലാകാരികളാണ് പങ്കെടുത്തത്. രാമായണത്തിന്റെ പ്രസക്തി ഓരോ കുടുംബത്തിലും എത്തേണ്ടത് മാനവിക സമൂഹത്തിന് ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു പരിപാടി. ദൂരദേശങ്ങളിലുള്ളവരെയടക്കം കൂട്ടിയിണക്കി രണ്ടാഴ്ചത്തെ പരിശീലനത്തിലാണ് തിരുവാതിരക്കാഴ്ച ഒരുക്കിയത്.

പരമ്പരാഗത തിരുവാതിര ഗാനത്തിനൊപ്പം ഓരോ കലാകാരികളും ഒരേ താളത്തിൽ ചുവടു വെച്ചപ്പോൾ അത് ലാസ്യഭംഗിയുടെ വിരുന്നായി. വന്ദനം ചെയ്തിടുന്നേ... എന്ന വരികൾക്കൊപ്പം സെറ്റ് സാരിയും പച്ച ബ്ലൗസും, മെറൂൺ കളർ ബ്ലൗസും ഇടകലർന്ന് അണിഞ്ഞ കലാകാരികൾ നൃത്തച്ചുവടുകൾ വച്ചപ്പോൾ നാടിനും നാട്ടുകാർക്കും അവിസ്മരണീയ കാഴ്ചയായി. കുംഭപള്ളി മീനപ്പൂര മഹോത്സവത്തിന് വ്യത്യസ്തമായ കൂട്ടായ്മയുടെ ഉത്സവം ആക്കി മാറ്റാനുള്ള ക്ഷേത്ര സമിതിയുടെ തീരുമാനമാണ് മെഗാ തിരുവാതിര എന്ന ആശയത്തിലേക്ക് വഴിതുറന്നത്. അതിന്റെ സംഘാടനത്തിന് നിയോഗിക്കപ്പെട്ടതാകട്ടെ പടിയാർ ഹോമിയോ കോളേജിലെ ഫാർമസിസ്റ്റും തിരുവാതിരയെ ഹൃദയത്തോട് ചേർത്തുവച്ച കുമാരി മുക്കോട്ടത്തായിരുന്നു. ക്ഷേത്രം മേൽശാന്തി കൃഷ്ണരാജ് നിലവിളക്ക് തിരി തെളിച്ച് തിരുവാതിരയ്ക്ക് തുടക്കം കുറിച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മെഗാ തിരുവാതിര കാണുവാൻ എത്തിയത്.