കൊച്ചിയിലെത്തുന്നു ഡെസ്റ്റിനേഷൻ വെഡിംഗ് പദ്ധതി
കൊച്ചി: കൊച്ചി കായലിന്റെ കാറ്റും സൗന്ദര്യവും ആസ്വദിച്ച് ഇനി വിവാഹ പന്തലിൽ വധൂവരന്മാർക്കെത്താം. പരമ്പരാഗത ശൈലിവിട്ട് മറൈൻ ഡ‌്രൈവിലെ ഓപ്പൺസ്പേസിൽ അടിപൊളി വിവാഹപ്പന്തലൊരുങ്ങുന്നു. ലോകമെങ്ങും ഹിറ്റായിക്കൊണ്ടിരിക്കുന്ന ഡെസ്റ്റിനേഷൻ വെഡിംഗ് പദ്ധതിയാണ് കൊച്ചിലെത്തുന്നത്. ജി.സി.ഡി.എ ഒരുക്കുന്ന പദ്ധതി മറൈൻഡ്രൈവ് അബ്ദുൽകലാം മാർഗിലാകും തയ്യാറാകുക. ജൂണിൽ പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യം.
വിദേശരാജ്യങ്ങളിലുള്ളവർ വിവാഹം നടത്താൻ ഏറ്റവും കൂടുതലായി തിരഞ്ഞെടുക്കുന്ന സ്ഥലമാണ് കേരളം. അതിൽ ഏറ്റവും വലിയ ടൂറിസംകേന്ദ്രം കൊച്ചിയും. കേരളത്തിലുള്ളവർക്കും അന്യസംസ്ഥാനക്കാർക്കും വിദേശികൾക്കും ഇനി വിവാഹത്തിനായി മറൈൻഡ്രൈവിലെത്താം. ഇവിടം വിദേശികൾക്ക് പ്രിയമായതിനാൽ പദ്ധതി വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ.
10 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ആവശ്യം വന്നാൽ തുക കൂട്ടും. വിവാഹം നടത്തുന്നതിന് ചെറിയ വാടകയുമുണ്ടാകും. ഇത് എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല. പദ്ധതിയുടെ ചർച്ചകൾ നടക്കുകയാണ്. പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും വിവാഹചടങ്ങുകൾ. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്ന നടപടികളിലാണിപ്പോൾ. സ്റ്റേജടക്കമുള്ള സൗകര്യങ്ങൾ ഏതുതരത്തിൽ ഒരുക്കണം തുടങ്ങിയ കാര്യങ്ങൾ തയ്യാറേക്കേണ്ടതുണ്ട്.
* സത്കാരത്തിന് സ്ഥലം വേറെ കണ്ടെത്തണം
വിവാഹം നടത്തുന്നവർക്ക് തങ്ങൾക്ക് താത്പര്യമുള്ള ഇവന്റ് മാനേജ്മെന്റിനെ സമീപിച്ച് ഇഷ്ടമുള്ള രീതിയിൽ കല്യാണമണ്ഡപം അലങ്കരിക്കാം. എന്നാൽ ഭക്ഷണം അടക്കമുള്ള കാര്യങ്ങൾ അനുവദിക്കില്ല. അതിന് മറ്റൊരു സ്ഥലം കണ്ടെത്തേണ്ടിവരും.
കൊവിഡ് കാലത്ത് ഡെസ്റ്റിനേഷൻ വെഡിംഗ് കേരളത്തിലെ പല ഹോട്ടലുകളിലും നടന്നതോടെയാണ് ഇത്തരം വിവാഹങ്ങൾക്ക് കേരളത്തിൽ പ്രിയമേറിയത്.
വലിയ കല്യാണത്തിന് കോടികൾ ചെലവുവരും. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ പരദേശി കല്യാണങ്ങൾ നടക്കുന്നത്. നിലവിൽ പല ഹോട്ടൽഗ്രൂപ്പുകളും റിസോർട്ടുകളും വിവാഹസൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്. പലദിവസങ്ങളിലായി നടക്കുന്ന വെഡിംഗ് പ്ലാനുകളും നിലവിലുണ്ട്. 300 വിദേശികൾവരെ പങ്കെടുത്ത വിവാഹങ്ങൾ കൊച്ചിയിൽ നടന്നിരുന്നു.
സംസ്ഥാനത്ത് ഏറെ പ്രചാരമുള്ള ഡെസ്റ്റിനേഷൻ വെഡിംഗ് പദ്ധതി ജി.സി.ഡി.എ നടപ്പിലാക്കുന്നതിലൂടെ വലിയ ടൂറിസം സാദ്ധ്യതയാണ് ഒരുങ്ങുന്നത്. കൂടാതെ സാധാരണക്കാർക്ക് താങ്ങാവുന്ന വാടകയിൽ വിവാഹം നടത്താം.
കെ. ചന്ദ്രൻപിള്ള
ജി.സി.ഡി.എ ചെയർമാൻ