കൊച്ചി: മൂവാറ്റുപുഴയിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവറായിരുന്ന ശശിധരനെ കൊലപ്പെടുത്തിയെന്ന കേസിൽ മൂന്ന് പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി. എറണാകുളം സെഷൻസ് കോടതി ജീവപര്യന്തം തടവിനും രണ്ടുലക്ഷംരൂപ തടവിനും ശിക്ഷിച്ചിരുന്ന കോതമംഗലം കുത്തുകുഴി സ്വദേശി മുടിയൻ എന്ന വി.ആ‌ർ. സന്ദീപ്, എളവനാട് സ്വദേശി അരുൺ സുകുമാരൻ, കുട്ടമംഗലം സ്വദേശി തമ്പി എന്ന വിനോജ് എന്നിവരെയാണ് വെറുതേവിട്ടത്. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാ‌ർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പ്രതികളെ വെറുതേവിട്ടത്. പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടി.

2008 സെപ്തംബർ 22നാണ് ശശിധരനെ കാണാതാകുന്നത്. വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ പോത്താനിക്കാടിന് സമീപം കാളിയാ‌ർ പുഴയിൽനിന്ന് മൃതദേഹം കണ്ടെടുത്തു. കാ‌ർ ഉപേക്ഷിച്ച നിലയിൽ തമിഴ്നാട് ആനമലയിൽനിന്ന് ലഭിച്ചു. സവാരിവിളിച്ച പ്രതികൾ ശശിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം കൈകാൽബന്ധിച്ച് പുഴയിൽ തള്ളിയെന്നായിരുന്നു കേസ്. ആലുവയിലെ സമാനമായ കേസിന്റെ ചുവടുപിടിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. എന്നാൽ സാക്ഷിമൊഴികളിലെ വൈരുദ്ധ്യവും തെളിവുകളിലെ പൊരുത്തക്കേടുകളും ഫൊറൻസിക് വിദഗ്ദ്ധർ ഉയർത്തിയ സംശയങ്ങളും മുൻനിറുത്തിയാണ് പ്രതിഭാഗം വാദിച്ചത്. സാഹചര്യത്തെളിവുകൾ സ്ഥാപിച്ചെടുക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡിവിഷൻബെഞ്ച് പ്രതികളെ കുറ്റവിമുക്തരാക്കുകയായിരുന്നു.