
ചങ്ക് ചങ്ങാതിമാരായ ഈനാംപേച്ചിയും മരപ്പട്ടിയും പഞ്ചപാവങ്ങളാണെന്നാണ് സകലരും കരുതിയിരുന്നതെങ്കിലും സത്യമതല്ല; അക്രമം നടത്തി അഴിഞ്ഞാടുന്ന ഫാസിസ്റ്റ് ഗുണ്ടകളാണ്. എതിരാളികളെ ഉറങ്ങാൻ അനുവദിക്കാതെ മാനസികമായും ശാരീരികമായും തളർത്തുന്ന സൈക്ലോജിക്കൽ ഗുണ്ടായിസമാണ് കൈയിലുള്ളത്. താത്വികനും സാത്വികനുമായ സഖാവ് എ.കെ.ബാലന്റെ ജ്ഞാനദൃഷ്ടിയിൽ തെളിഞ്ഞതൊന്നും ഇതുവരെ തെറ്റിയിട്ടില്ല. ഇരുട്ടിന്റെ ശക്തികൾ തട്ടിൻപുറത്തും വീടിന്റെ പരിസരങ്ങളിൽ മണ്ണിനടിയിലും മറഞ്ഞിരുന്ന് നടത്തുന്ന നീക്കങ്ങൾ ബാലൻ സഖാവ് കണ്ടെത്തി.
അറിവിന്റെ ആൾരൂപമായ വലിയ ബാലനെ ഫീൽഡിലിറങ്ങി കളിക്കുന്ന കൊച്ചു സഖാക്കൾ പോലും തിരിച്ചറിയുന്നില്ല. മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസ് മരപ്പട്ടികളുടെ പിടിയിലാണെന്ന് മുഖ്യൻതന്നെ വെളിപ്പെടുത്തിയതിനു പിന്നാലെയാണ്, ഈ പോക്കുപോയാൽ പാർട്ടിയുടെ ചിഹ്നം ഈനാംപേച്ചിയാകുന്ന കാലം വിദൂരമല്ലെന്ന് ബാലൻ സഖാവ് പ്രവചിച്ചത്. 2004ൽ 43 എം.പിമാരുണ്ടായിരുന്ന പാർട്ടിക്ക് ഇപ്പോൾ 3 എം.പിമാരാണുള്ളത്. എ.കെ.ബാലൻ പറഞ്ഞത് എ.കെ. 47ലെ വെടിപോലെയാണ് പലർക്കും കൊണ്ടത്. പക്ഷേ, വിപ്ലവത്തിന്റെ നിലനിൽപ്പ് തന്നെ പ്രവചനങ്ങളിലാണെന്ന് അറിയാവുന്ന ബാലൻ സഖാവ് ശാന്തനാണ്.
ദേശീയ തലത്തിൽ താഴോട്ടുള്ള വളർച്ച തുടർന്നാൽ ഇടതുപാർട്ടികളുടെ ദേശീയ പദവി നഷ്ടപ്പെടുമെന്ന മുന്നറിയിപ്പാണ് സഖാവ് നൽകിയത്. അതോടെ ചിഹ്നത്തിന്റെ കാര്യത്തിലും തീരുമാനമാവും. ഈർക്കിലിപ്പാർട്ടികൾ വരെ പെറുക്കിയെടുത്ത ശേഷം മിച്ചംവന്ന ഏതെങ്കിലും ചിഹ്നം സ്വീകരിക്കേണ്ടിവരും. ഈനാംപേച്ചിയോ നീരാളിയോ ബാക്കിയുണ്ടാവും. സാദ്ധ്യത കൂടുതൽ ഈനാംപേച്ചിക്കാണെന്നാണ് ത്രികാലജ്ഞാനിയായ ബാലൻ സഖാവ് സൂക്ഷ്മനിരീക്ഷണത്തിൽ കണ്ടെത്തിയത്. രണ്ടും ഭീകരന്മാരാണ്. പ്രസ്ഥാനത്തെ സൈദ്ധാന്തികമായി തകർത്ത് കൊടിയിൽ നുഴഞ്ഞുകയറാൻ കാത്തിരിക്കുകയാണ് കക്ഷി. ക്ലിഫ് ഹൗസിലെ തട്ടിൻപുറത്ത് മരപ്പട്ടിയും ഫീൽഡിൽ ഈനാംപേച്ചിയുമാണ് വെല്ലുവിളി. തിരഞ്ഞെടുപ്പിൽ പ്രസ്ഥാനത്തെ പരമാവധി സീറ്റുകളിൽ തോൽപ്പിച്ച് ചിഹ്നം പോലും ഇല്ലാതാക്കി കമ്മ്യൂണിസത്തെ ഇന്ത്യാ മഹാരാജ്യത്തുനിന്ന് നാടുകടത്താനാണ് സാമ്രാജ്യത്വ ശക്തികളുടെ ഗൂഢാലോചന. ഇക്കാര്യം വളരെ ലളിതമായി ബാലൻ സഖാവ് പറഞ്ഞുവെന്നു മാത്രം. അതിനു പിണങ്ങിയിട്ടു കാര്യമില്ല. നെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരിക്കും!.
ബാലന്റെ ഉപമ കൊള്ളാമെങ്കിലും അത്രയ്ക്കങ്ങ് വേണ്ടെന്ന് വേണ്ടപ്പെട്ടവർ താക്കീത് നൽകിയെന്നാണ് വിവരം. ഒരു താളത്തിനങ്ങ് പറയുന്നതാണെങ്കിലും തട്ടുകിട്ടാൻ അതുമതി. ക്ലിഫ്ഹൗസിലെ മരപ്പട്ടി ശല്യം സംഘികളും ഖദറുകാരും ആഘോഷമാക്കിയിരുന്നു. മരപ്പട്ടികൾ തന്റെ വീട്ടിലും വരാറുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകർ അടങ്ങി. ഒന്നും സംഭവിക്കാനില്ലാത്തതിനാൽ സംഘികൾക്ക് എന്തും പറയാം. മരപ്പട്ടിപ്രശ്‌നം ഒന്നടങ്ങിയപ്പോഴാണ് ബാലൻ 'ഈനാംപേച്ചിയെ" തുറന്നുവിട്ടത്. ഏതായാലും, 'ഈനാംപേച്ചിക്ക് കൂട്ട് മരപ്പട്ടി" എന്ന പഴഞ്ചൊല്ല് പുതിയകാലത്തും ആഘോഷമാക്കുകയാണ് കോൺഗ്രസുകാർ.
വ്യത്യസ്തനായ ബാലൻ എന്തു നല്ലകാര്യം ചെയ്താലും പഴി കേൾക്കേണ്ടിവരുന്നു. മന്ത്രിയായിരിക്കെ, നിയമസഭയിൽ മുഖ്യമന്ത്രിയെ സഹായിച്ചത് നാണക്കേടായി. ഒരു കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവരിക്കുകയായിരുന്ന മുഖ്യന്, അടുത്തിരുന്ന് സ്വകാര്യമായി ചില ലാ പോയിന്റുകൾ പറഞ്ഞുകൊടുക്കുകയായിരുന്നു ബാലൻ സഖാവ്. പിറുപിറുക്കലിന്റെ വോളിയം കൂടിയപ്പോൾ മൈക്കിലൂടെ സകലരും കേൾക്കുകയും ദേഷ്യം വന്ന മുഖ്യമന്ത്രി, 'ഹാ, ഇങ്ങള് അനങ്ങാതിരിക്ക്" എന്ന് വിലക്കുകയും ചെയ്തു. കിട്ടുന്ന ഗ്യാപ്പിലൂടെ ആളാവാൻ നോക്കുന്ന പരിപാടി ബാലന് പണ്ടേയുണ്ടെന്നാണ് ചില സഖാക്കളുടെ ആരോപണം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പിണങ്ങരുതെന്ന് ബാലന് നിർബന്ധമുള്ളതിനാൽ കലഹമില്ല. ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന പഴഞ്ചൊല്ലിന് ഇതുമായൊന്നും ബന്ധമില്ല.
വോട്ട് ചോദിക്കാൻ
പരേതരുടെ മുന്നണി
സ്ഥാനാർത്ഥികളെ ജയിപ്പിക്കുന്നതിലും തോൽപ്പിക്കുന്നതിലും പരേതന്മാർ വലിയ പങ്കുവഹിക്കുന്ന കേരളത്തിൽ വോട്ട് ചോദിക്കാനും അവരെത്തുമെന്നു പ്രതീക്ഷിക്കാം. തമിഴ്‌നാട്ടിൽ കരുണാനിധിക്ക് വരാമെങ്കിൽ കേരളത്തിൽ അതിലപ്പുറമാവാം. എ.ഐ സാങ്കേതികവിദ്യയുള്ളതിനാൽ സ്വർഗങ്ങളിൽ നിന്ന് കേരളത്തിലേക്കു വളരെ വേഗമെത്താം. നരകത്തിൽ നിന്ന് ആരെങ്കിലും വന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതീക്ഷിക്കാം. ഓരോ മതക്കാരുടെയും സ്വർഗങ്ങളിൽ നിന്ന് നേതാക്കൾ കൂട്ടത്തോടെ വരുമ്പോൾ ഗതാഗതക്കുരുക്കുണ്ടാവുമോ എന്ന ആശങ്ക വേണ്ട- എ.ഐക്ക് ട്രാഫിക് ബാധകമല്ല.
കരുണാനിധി പ്രത്യക്ഷപ്പെട്ട് മകനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ പറയുന്നവരെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തമിഴ്മക്കൾ ആവേശത്തോടെയാണ് തലകുലുക്കിയത്. 2018ൽ അന്തരിച്ച കരുണാനിധി വിവിധ ആവശ്യങ്ങൾക്കായി പലതവണ 'ഉയിർത്തെഴുന്നേറ്റിരുന്നു". ഇവർക്ക് ഏതു ഭാഷയിലും സംസാരിക്കാനാവും. ഡീപ്‌ഫേക്ക് വീഡിയോ എന്നൊക്കെ പറഞ്ഞ് ചില ബുദ്ധിജീവികൾ പരിഹസിക്കുന്നുണ്ടെങ്കിലും സംഗതി എല്ലാവർക്കും ബോധിച്ചു. വൈകാതെ അണ്ണാദുരൈ, എം.ജി.ആർ, ജയലളിത തുടങ്ങിയവർ വരുമെന്നുറപ്പ്. വോട്ട് ചോദിക്കാൻ എം.ജി.ആറും ശിവാജി ഗണേശനും പാട്ടുംപാടിയെത്തുമെന്ന് ഉറപ്പിക്കാം. കേരളത്തിൽ ഇ.എം.എസ്, എ.കെ.ജി, പട്ടം താണുപിള്ള, കെ.കരുണാകരൻ എന്നിങ്ങനെ അവതരിക്കാൻ നേതാക്കളേറെയാണ്. എ.ഐയിലൂടെ വരുന്നവരാരും കള്ളവോട്ട് ചെയ്യില്ലെന്ന പ്രതീക്ഷയുള്ളതിനാൽ എല്ലാ പാർട്ടിക്കാരും ആവേശത്തിലാണ്.
ടൂറുകാർ
വയനാട് വിടണം
ടൂറിസ്റ്റ് വിസക്കാരായ രാഹുൽജിയും ഇടത് സ്ഥാനാർത്ഥി ആനിരാജയും സ്ഥിരം വിസക്കാരനായ തന്നോട് മത്സരിക്കാൻ വയനാട്ടിലേക്കു വരുന്നത് ഭീരുത്വമല്ലേയെന്നു ചോദിച്ചാണ് ബി.ജെ.പിയിലെ സുരേന്ദ്രൻജി കളത്തിലിറങ്ങിയത്. വരത്തന്മാർ അങ്ങനെയങ്ങ് ആളുകളിക്കേണ്ടെന്നു ചുരുക്കം. പാർട്ടിയെ ഉഷാറാക്കി കേരളത്തിൽത്തന്നെ ഒതുങ്ങിക്കൂടണമെന്നായിരുന്നു സുരേന്ദ്രൻജിയുടെ ആഗ്രഹമെങ്കിലും മത്സരിച്ച് ജയിച്ച് ഡൽഹിയിലെത്തിയേ പറ്റൂ എന്ന് ദേശീയ നേതാക്കൾ വാശിപിടിക്കുകയായിരുന്നു. ജയം ഉറപ്പായതിനാൽ ആശങ്ക തീരെയില്ല. ഇത്രയും കരുത്തനാണ് എതിരാളിയെന്ന് രാഹുൽജി തീരെ പ്രതീക്ഷിച്ചിരുന്നില്ല. എസ്കേപ്പ് ആവാൻ ഇനി സമയവുമില്ല. ചുളുവിൽ ജയിച്ചങ്ങ് പോകാനായിരുന്നു പരിപാടി.
കരുത്തനായ സുരേന്ദ്രൻജിയെ തോൽപ്പിക്കാൻ നിലവിൽ കേരളത്തിലാരും ഇല്ലാത്തതിനാൽ രാഹുൽജിയെ കോൺഗ്രസ് പിൻവലിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. രാഹുൽജിയെ പ്രധാനമന്ത്രിയാക്കാൻ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ആനി സഖാവിന്റെ സഹായമുണ്ടാകുമെന്നാണ് കോൺഗ്രസുകാരുടെ പ്രതീക്ഷ.