ആലുവ: ചൂർണിക്കര പഞ്ചായത്ത് 6,12 വാർഡുകളിൽപ്പെട്ട ദാറുസലാം, മട്ടുമ്മൽ, മാന്ത്രക്കൽ പ്രദേശങ്ങളിൽ വോൾട്ടേജ് ക്ഷാമം അതിരൂക്ഷം. വോൾട്ടേജ് ക്ഷാമത്താൽ മൂന്ന് മാസത്തോളമായി രാത്രികാലങ്ങളിൽ ഫാൻ പോലും ശരിയായി കറുങ്ങുന്നില്ലെന്നാണ് പരാതി.
കൊടുംചൂടിൽ ദാറുസലാം, മാന്ത്രക്കൽ, മട്ടുമ്മൽ നിവാസികളുടെ ഉറക്കം നഷ്ടപ്പെടുകയാണ്. പലവട്ടം നാട്ടുകാർ കെ.എസ്.ഇ.ബി ആലുവ നോർത്ത് സെക്ഷൻ അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരം കാണുന്നില്ലെന്നാണ് ആക്ഷേപം. നിലവിൽ മാന്ത്രക്കൽ പഴയ വില്ലേജ് ഓഫീസിന് സമീപവും പ്രൈമറി ഹെൽത്ത് സെന്ററിന് സമീപവും 100 കെ.വി.എയുടെ ട്രാൻസ്‌ഫോർമറുകളിൽ നിന്നാണ് പ്രദേശത്തേക്ക് വൈദ്യുതിയെത്തുന്നത്. പല കാരണങ്ങൾ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ നിരന്തരം ചൂഷണം ചെയ്യുന്ന കെ.എസ്.ഇ.ബി കടുത്ത വേനലിൽ ജനത്തെ ദുരിതത്തിലാക്കുകയാണെന്നാണ് ആക്ഷേപം.
ട്രാൻസ്‌ഫോർമർ മാറ്റാമെന്ന് ഉറപ്പ്
ചൂർണിക്കര 6,12 വാർഡുകളിലെ വോൾട്ടേജ് ക്ഷാമത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപരോധവുമായെത്തിയപ്പോൾ അധികൃതർ കണ്ണുതുറന്നു. ഉയർന്നശേഷിയുള്ള ട്രാൻസ്‌ഫോർമർ ഉടൻ സ്ഥാപിക്കാമെന്ന് കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എൻജിനിയർ ഉറപ്പുനൽകി. ഉച്ചയ്ക്കുശേഷം ട്രാൻസ്‌ഫോർമർ മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചു.
കെ.കെ. ജമാൽ, സി.പി. നാസർ, മുഹമ്മദ് ഷെഫീഖ്, റുബി ജിജി, ടി.ഐ. മുഹമ്മദ്, രാജേഷ് പുത്തനങ്ങാടി. ഇ.കെ. കബീർ, എം. എച്ച്. ഷംസുദ്ദീൻ, ജിജി, അൻഷാദ്, കെ.കെ. നാസർ, അലി മനക്കൽ, അബ്ദുൾ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.