 
കൊച്ചി: പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുകയും വിപുലമായ പ്രചാരണത്തിന് മുന്നണികൾ അണിയറയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തതോടെ എറണാകുളം ജില്ലയിൽ ചൂടേറിയ രാഷ്ട്രീയപോരാട്ടത്തിന് കളമൊരുങ്ങി.
പ്രധാന സ്ഥലങ്ങളും പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും സന്ദർശിച്ച് പരിചയം പുതുക്കിയ സ്ഥാനാർത്ഥികൾ പൊതുപര്യടനം ഉൾപ്പെടെ പരിപാടികൾക്ക് ഒരുങ്ങുകയാണ്.
എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ എൻ.ഡി.എയുടെ ഡോ.കെ.എസ്. രാധാകൃഷ്ണനാണ് ഏറ്റവുമൊടുവിൽ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥി. ജില്ലയിലുൾപ്പെടുന്ന എറണാകുളം, ചാലക്കുടി, കോട്ടയം, ഇടുക്കി ലോക്‌സഭാ മണ്ഡലങ്ങളിൽ ചിത്രം തെളിഞ്ഞു. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ ട്വന്റി 20 പാർട്ടിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടത്, വലത്, എൻ.ഡി.എ മുന്നണികൾ പതിവിലും വാശിയേറിയ പ്രചാരണത്തിനാണ് കോപ്പുകൂട്ടുന്നത്. ഇക്കുറി വിജയം ഇടതു, വലതു മുന്നണികൾക്ക് അഭിമാനപ്രശ്നമാണ്. വോട്ടുവിഹിതം വർദ്ധിപ്പിക്കുകയെന്ന ദൗത്യമാണ് എൻ.ഡി.എക്ക് മുന്നിലുള്ളത്. മത, സാമുദായിക, രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമാക്കാനാണ് മുന്നണി നേതാക്കൾ തന്ത്രങ്ങൾ മെനയുന്നത്. ദേശീയ, സംസ്ഥാന രാഷ്ട്രീയങ്ങളിൽ ഉൗന്നിയാകും പ്രധാനമായും പ്രചാരണമെന്ന് എൽ.ഡി.എഫ്., യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. കേന്ദ്ര സർക്കാർ നേട്ടങ്ങളും പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും ഉയർത്തി പ്രചാരണം നടത്തുമെന്ന് എൻ.ഡി.എ നേതാക്കളും പറയുന്നു.
കേരളനേട്ടം, കേന്ദ്ര കോട്ടം
കേന്ദ്ര സർക്കാരിനും പൗരത്വനിയമ ഭേദഗതി ഉൾപ്പെടെ നടപടികൾക്കുമെതിരെയാകും എൽ.ഡി.എഫിന്റെ പ്രചാരണം. ന്യൂനപക്ഷവിഭാഗങ്ങളുടെ സംരക്ഷണം ഉൾപ്പെടെ വിഷയങ്ങൾക്കൊപ്പം രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിൽ എത്തിക്കാൻ വിപുലമായ സന്നാഹങ്ങളാണ് എൽ.ഡി.എഫ് ഒരുക്കുന്നത്. കേരളത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കി തകർക്കാൻ ശ്രമിക്കുന്നെന്ന പ്രചാരണവും ശക്തമായി ഉന്നയിക്കും.
കേന്ദ്രം, സംസ്ഥാന ഭരണങ്ങൾക്കെതിരെ
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രചാരണത്തിനാണ് യു.ഡി.എഫ് കോപ്പു കൂട്ടുന്നത്. രണ്ടു സർക്കാരുകളും ജനദ്രോഹനയങ്ങൾ പിന്തുടരുന്നവരാണെന്ന പ്രചാരണം ശക്തമായി ഉന്നയിക്കും. ഇലക്ഷൻ ബോണ്ട് വിവാദങ്ങൾ ഉൾപ്പടെ വിഷയങ്ങൾ ഉൾപ്പെടെ നരേന്ദ്രമോദി സർക്കാരിനെതിരായ വിവാദങ്ങൾ ഉന്നയിക്കും. പിണറായി വിജയൻ സർക്കാരിനെതിരെ മുമ്പ് ഉന്നയിച്ച അഴിമതി ഉൾപ്പെടെ ആരോപണങ്ങളും അന്വേഷണങ്ങളും യു.ഡി.എഫ് ആവർത്തിക്കും. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണങ്ങളും ഉന്നയിക്കും.
നരേന്ദ്രമോദിയിൽ പ്രതീക്ഷ
പ്രധാനമന്ത്രി നരേന്ദ്രമോദിയിലാണ് എൻ.ഡി.എയുടെ പ്രതീക്ഷകളെല്ലാം. മോദി സർക്കാർ നടപ്പാക്കിയ വികസന, ക്ഷേമ പദ്ധതികൾ എണ്ണിപ്പറഞ്ഞാകും വോട്ടഭ്യർത്ഥിക്കുക. പദ്ധതി ഗുണഭോക്താക്കളെ ഉൾപ്പെടെ കളത്തിലിറക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദേശീയപാത ഉൾപ്പെടെ വൻകിട വികസനപദ്ധതികൾ നൽകിയ മോദി സർക്കാരിനെ കേരളവും പിന്തുണ നൽകണമെന്ന അഭ്യർത്ഥനയുമുണ്ടാകും. ഇടതു, വലതു മുന്നണികൾക്കെതിരായ പ്രചാരണവും ശക്തമാക്കാനാണ് അണിയറയിൽ ശ്രമിക്കുന്നത്.
സ്ഥാനാർത്ഥികൾ ഇതുവരെ
എറണാകുളം
ഹൈബി ഈഡൻ (യു.ഡി.എഫ് )
കെ.എസ്. ഷൈൻ (എൽ.ഡി.എഫ് )
ഡോ.കെ.എസ്. രാധാകൃഷ്‌ണൻ (എൻ.ഡി.എ )
ആന്റണി ജൂഡി (ട്വന്റി 20 പാർട്ടി )
ചാലക്കുടി
ബെന്നി ബഹനാൻ (യു.ഡി.എഫ് )
പ്രൊഫ.സി. രവീന്ദ്രനാഥ് (എൽ.ഡി.എഫ് )
കെ.എ. ഉണ്ണികൃഷ്‌ണൻ (എൻ.ഡി.എ )
ചാർലി പോൾ (ട്വന്റി 20 പാർട്ടി )
ഇടുക്കി
ഡീൻ കുര്യാക്കോസ് (യു.ഡി.എഫ് )
ജോയ്‌സ് ജോർജ് (എൽ.ഡി.എഫ്)
സംഗീത വിശ്വനാഥൻ (എൻ.ഡി.എ)
കോട്ടയം
തോമസ് ചാഴിക്കാടൻ (യു.ഡി.എഫ് )
ഫ്രാൻസിസ് ജോർജ് (എൽ.ഡി.എഫ് )
തുഷാർ വെള്ളാപ്പള്ളി (എൻ.ഡി.എ)